Join News @ Iritty Whats App Group

‘സർക്കാർ കടമെടുക്കുന്നത് ലക്കും ലഗാനും ഇല്ലാതെ, 2024ലെ തിരഞ്ഞെടുപ്പില്‍ 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല. കേരളം ഏറ്റവും വലിയ സാമ്പത്തിക തകർച്ച നേരിടുകയാണെന്നും സർക്കാർ വസ്തുതകളെ മനസിലാക്കുന്നില്ലെനും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വികസനത്തില്‍ നിന്നും വരുമാനം പ്രതീക്ഷിച്ചാണ് സംസ്ഥാനങ്ങളും രാജ്യങ്ങളും കടമെടുക്കുന്നത്. എന്നാൽ ഈ സർക്കാർ വരുമാന വര്‍ധനവിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഒന്നും മുന്നിൽ കാണാതെയാണ് കടം വാങ്ങിയതെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

‘ഏതെങ്കിലും മേഖലയിൽ വികസനം നടത്തിയോ നിങ്ങള്‍. സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കിയെന്നാണ് പറയുന്നത്. കേരളത്തില്‍ ആദ്യമായിട്ടല്ല സ്‌കൂള്‍ കെട്ടിടം ഉണ്ടായത്’, തോമസ് ഐസ്‌ക് ഭാരം മുഴുവന്‍ ബാലഗോപാലിന്റെ തലയില്‍ ഏല്‍പ്പിച്ചുവെന്ന് പരിഹസിച്ച ചെന്നിത്തല, ലക്കും ലഗാനും ഇല്ലാതെ ഇങ്ങനെ കടം വാങ്ങിയ സര്‍ക്കാര്‍ വേറെയില്ലെന്നും പറഞ്ഞു.

‘കെ കരുണാകരന് അസുഖം ബാധിച്ച സമയത്ത് നീന്താനുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ക്ലിഫ് ഹൗസില്‍ ഒരു നീന്തല്‍കുളം ഉണ്ടാക്കി. അന്നത്തെ പ്രതിപക്ഷ നേതാവ് ഇകെ നായനാര്‍ പറഞ്ഞത് ഈ നീന്തല്‍ കുളത്തില്‍ പട്ടിയെ കുളിപ്പിക്കുമെന്നാണ്. ഇപ്പോള്‍ ക്ലിഫ് ഹൗസില്‍ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നത്. അച്യുതാനന്ദനെ പോലെ നൂറ് വയസ്സുള്ള മുഖ്യമന്ത്രി നടന്നുകയറിയ ക്ലിഫ് ഹൗസില്‍ പിണറായി വിജയന്‍ 25 ലക്ഷം രൂപയുടെ ലിഫ്റ്റ് വെച്ചതിനെ പറ്റി കടകംപള്ളി ആഹ്ളാദത്തോടെയാണ് സംസാരിച്ചത്. അച്യുതാനന്ദനും കരുണാകരനും ലിഫ്റ്റ് വേണ്ടായിരുന്നല്ലോ’, ചേർന്നിത്തല വിമർശിച്ചു.

‘കേരളത്തിന്റെ മുഖ്യമന്ത്രി കോട്ടകെട്ടി അകത്തിരിക്കുകയാണ്. തൊഴുത്ത് ഉണ്ടാക്കി 43 ലക്ഷം രൂപയ്ക്ക് മുന്തിയ ഇനം പശുക്കളെ കൊണ്ടുവന്നു. പാല്‍ ചുരത്താന്‍ വേണ്ടി എആര്‍ റഹ്‌മാന്റെ പാട്ട് വരെ വെച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ത്തു തരിപ്പണമാക്കിയവരാണ് നിങ്ങള്‍. കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ 3 ശതമാനം മാത്രമാണ്. ഇങ്ങനെ കടം എടുക്കരുതെന്ന് തോമസ് ഐസകിന് മുന്നറിയിപ്പ് നല്‍കിയതാണ്’ രമേശ് ചെന്നിത്തല പറഞ്ഞു.

കോൺഗ്രസിൽ നിന്ന് 19 എംപിമാര്‍ ജയിച്ച് ഡല്‍ഹിയില്‍ പോയത് ബിജെപിക്കെതിരായ ശക്തമായ പോരാട്ടത്തിനായിരുന്നു എന്ന പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാവുമെന്ന് ചെന്നിത്തല പറഞ്ഞു. കേന്ദ്രത്തിനെതിരായ പ്രതിഷേധം വിളിക്കേണ്ട രീതിയില്‍ വിളിച്ചാല്‍ പ്രതിപക്ഷം പോകും. മുഖ്യമന്ത്രി ഓണ്‍ലൈനായാണ് എംപിമാരുടെ യോഗം വിളിക്കുന്നത്. ക്യാബിനെറ്റ് യോഗം പോലും ഓണ്‍ലൈന്‍ ആയാണ് വിളിക്കുന്നത്. കേരളത്തിലെ ജനകീയ പ്രശ്‌നം ഉയര്‍ത്തിപിടിച്ച ചരിത്രം ഉണ്ടായിട്ടില്ല. 2024 ലെ തിരഞ്ഞെടുപ്പില്‍ 20 ല്‍ 20 സീറ്റും നേടും. പുതുപ്പള്ളിയിലേയും തൃക്കാക്കരയിലേയും ജനങ്ങള്‍ പാഠം തന്നിട്ടും സർക്കാർ പഠിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Post a Comment

أحدث أقدم
Join Our Whats App Group