Join News @ Iritty Whats App Group

തെരഞ്ഞെടുപ്പ് ആവേശത്തിൽ പുതുപ്പള്ളി; പരസ്യപ്രചാരണം അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. മൂന്നാംഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രി നാളെ വീണ്ടും മണ്ഡലത്തിലെത്തും. എ കെ ആന്റണിയും ശശി തരൂർ എംപിയും വരുംദിവസങ്ങളിൽ യുഡിഎഫ് ക്യാമ്പിന് ആവേശം പകരും. കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് വിവിധ പഞ്ചായത്തുകളിൽ കുടുംബയോഗങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കും. ചതയദിന പരിപാടികളിൽ പങ്കെടുത്തുകൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഇന്നത്തെ പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും പര്യടനം തുടരുകയാണ്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാനുണ്ട്. ജെയ്ക്ക് സി തോമസുമായി നേരിട്ട് തന്നെ വികസന സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വികസന വിഷയങ്ങൾ ഉന്നയിച്ച് മുന്നോട്ട് പോകുന്ന ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി ജെയ്‌ക്ക് സി തോമസാണ് പുതുപ്പള്ളിയിൽ വികസന സംവാദത്തിന് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയെ വെല്ലുവിളിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണം കൊടികയറിയ ഘട്ടത്തിൽ തന്നെ ഈ വെല്ലുവിളി ഉയർന്നെങ്കിലും സംവാദത്തിന് ചാണ്ടി ഉമ്മൻ തയ്യാറായിരുന്നില്ല. മറിച്ച് ഇടത് മുന്നണിക്ക് നേരെ മറുവെല്ലുവിളി ഉയർത്തുകയായിരുന്നു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി കൊണ്ടുവന്ന പദ്ധതികൾ മുരടിപ്പിച്ചത് ഇടത് സർക്കാരുകളെന്നായിരുന്നു വികസന സംവാദവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ചാണ്ടി ഉമ്മൻ വിമർശിച്ചത്. എന്നാൽ പുതുപ്പള്ളിയിൽ കൂടുതൽ വികസനം നടന്നത് ഇടത് സർക്കാരുകളുടെ കാലത്തെന്ന് ജെയ്ക്ക് സി തോമസ് വാദിക്കുന്നു.

''ഈ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയുടെ വികസനം നാലാം തരം കാര്യമാണെന്നാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം. പുതുപ്പള്ളിയുടെ വികസനം തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ഒന്നാമത്തെ വിഷയം. യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. പൊതുപ്രവര്‍ത്തന രംഗത്തുള്ളവരെല്ലാം ഒരുപോലെയാണ് എന്നതാണ് ഞങ്ങളുടെ നിലപാട്. അതില്‍ പ്രതിപക്ഷ നേതാവ് പറയും പോലെ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ തരക്കാരില്ല. പുതുപ്പള്ളിയുടെ വികസനം മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ്. പുതുപ്പള്ളിയുടെ വികസനം ആഗ്രഹിക്കുന്ന എല്ലാവരും വികസന സംവാദങ്ങളില്‍ ഭാഗമാകണം. പുതുപ്പള്ളിയുടെ വികസനം നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്'' - എന്ന് ജെയ്ക്ക് സി തോമസ് നേരത്തെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group