Join News @ Iritty Whats App Group

യുപിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കേസ് പിൻവലിക്കാൻ സമ്മർദ്ദം, ​ഗ്രാമം വിടേണ്ടിവരുമെന്ന ആശങ്കയിൽ കുടുംബം


ദില്ലി: യുപിയിൽ അധ്യാപികയുടെ നിർദ്ദേശത്തെ തുടർന്ന് സഹപാഠികൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ കുടുംബത്തിന് മേൽ സമ്മർദ്ദം. കേസ് പിൻവലിക്കാൻ ഗ്രാമത്തലവനും കിസാൻ യൂണിയനും സമ്മർദ്ദം ചെലുത്തുന്നുവെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഗ്രാമത്തിലുള്ള ചില പ്രമുഖരും കിസാൻ യൂണിയനും കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സഹപാഠികളെക്കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം ഉണ്ടായത്. ശരീരത്തിന്റെ മറ്റു ഭാ​ഗങ്ങളിലും മർദ്ദനമേറ്റിരുന്നു. 

അധ്യാപിക മനപ്പൂർവ്വം ചെയ്തതല്ലെന്നും ഒത്തുതീർപ്പിലേക്ക് പോകണമെന്നും കിസാൻ യൂണിയൻ നേതാവ് നരേശ് ടിക്കായത്ത് ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവ് പറഞ്ഞു. അതേസമയം, ​ഗ്രാമത്തലവനും അടുത്ത ​ഗ്രാമത്തിലുള്ളവരും കേസ് പിൻലിക്കാൻ സമ്മർദ്ദത്തിലാക്കുന്നതിനാൽ നാട്ടിൽ തുടരാൻ കഴിയുമോ എന്നുള്ള ആശങ്കയും പിതാവ് പങ്കുവെക്കുന്നു. 

സഹപാഠിയുടെ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ കുടുംബത്തെ സന്ദർശിച്ച നേതാക്കൾ മർദ്ദനമേറ്റ കുട്ടിയെ സഹപാഠിയെ കൊണ്ട് ആലിംഗനം ചെയ്യിപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്ത് വന്നിട്ടുണ്ട്. വിദ്യാലയങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ബികെയു നേതാവ് നരേഷ് ടിക്കായത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

സംഭവത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ മുസഫർനഗർ പൊലീസാണ് കേസെടുത്തത്. ഒരു മണിക്കൂർ നേരം കുട്ടിയെ മർദ്ദിച്ചെന്ന് കുട്ടിയുടെ അച്ഛൻ്റെ പരാതിയിൽ പറയുന്നുണ്ട്. അതേസമയം, സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ രം​ഗത്തെത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് കമ്മീഷൻ അധ്യക്ഷൻ പ്രിയങ്ക് കനൂംഗോ പറഞ്ഞു. മുസഫര്‍ നഗറിലെ ഒരു നവോദയ വിദ്യാലയത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ക്രൂരസംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തായത്.

Post a Comment

أحدث أقدم
Join Our Whats App Group