Join News @ Iritty Whats App Group

‘നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കും; ഗണപതി പരാമര്‍ശത്തില്‍ ഷംസീറിനെതിരെ പ്രത്യക്ഷ സമരത്തിന് ഇറങ്ങാന്‍ ആഹ്വാനം ചെയ്ത് എന്‍എസ്എസ്




സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാന്‍ ആഹ്വാനം ചെയ്ത് നായര്‍ സര്‍വീസ് സൊസൈറ്റി. എന്‍എസ്എസിന്റെ ആവശ്യത്തെ സര്‍ക്കാര്‍ നിസ്സാരവത്കരിക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് എന്‍എസ്എസ് അറിയിച്ചു.
ഇത് സംബന്ധിച്ച നിര്‍ദേശം എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ എല്ലാ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും നിര്‍ദേശം നല്‍കി.

ബുധനാഴ്ച എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും രാവിലെതന്നെ വീടിനടുത്തുള്ള ഗണപതിക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തണം. വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കണം. എന്നാല്‍, ഇതിന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നും എന്‍എസ്എസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഷംസീറിന്റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രസ്താവന അതിരുകടന്നുപോയി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന വിധത്തില്‍ സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലെങ്കില്‍ സ്പീക്കര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

ഹൈന്ദവരുടെ ആരാധാനാമൂര്‍ത്തിയായ ഗണപതിയെ വിമര്‍ശിച്ചുള്ള എ.എന്‍.ഷംസീറിന്റെ നിരൂപണം ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയെ നിയന്ത്രിക്കുന്ന വ്യക്തിക്കു യോജിച്ചതല്ല. പ്രസ്താവന അതിരുകടന്നു പോയി. ഓരോ മതത്തിനും വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശം അംഗീകരിക്കാനാവുന്നതല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group