Join News @ Iritty Whats App Group

വീണ്ടും നേട്ടം കുറിച്ച് കേരളം; ദേശീയ ഗുണനിലവാരം, അംഗീകാരം നേടിയത് മൂന്ന് ആശുപത്രികള്‍, വിവരങ്ങൾ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ രണ്ട് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും ഒരു ആശുപത്രിക്ക് പുന:രംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട എഫ്എച്ച്‌സി കോയിപ്പുറം 82 ശതമാനം സ്‌കോറും കോഴിക്കോട് എഫ്എച്ച്‌സി കക്കോടി 94 ശതമാനം സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.

വയനാട് എഫ്എച്ച്‌സി പൂതാടി 90 ശതമാനം സ്‌കോര്‍ നേടി പുന:രംഗീകാരം നേടി. ഇതോടെ സംസ്ഥാനത്തെ 166 ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും 66 ആശുപത്രികള്‍ക്ക് പുന:രംഗീകാരവും നേടിയെടുക്കാനായെന്ന് മന്ത്രി വ്യക്തമാക്കി. അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 39 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 109 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

ഇതുകൂടാതെ 10 ആശുപത്രികള്‍ക്ക് ലക്ഷ്യ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് ഒരാശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന പി.എച്ച്.സി.കള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്‍റീവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് 'ക്വിയര്‍ ഫ്രണ്ട്‌ലി ഹോസ്‍പിറ്റല്‍ ഇനിഷ്യേറ്റീവ്' (Queer Friendly Hospital Initiative) നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടേയും ക്വിയര്‍ വ്യക്തികളുടേയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആരോഗ്യ സ്ഥാപനങ്ങളില്‍ സേവനം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവേചനങ്ങളില്ലാതെ ഇല്ലാതെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന ഒരു ആരോഗ്യ സംവിധാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group