Join News @ Iritty Whats App Group

ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം, പൊലീസെത്തി പരിശോധിച്ചപ്പോള്‍ പോക്കറ്റിൽ എംഡിഎംഎ, അന്വേഷണം

കണ്ണൂർ: കണ്ണൂർ തളാപ്പിൽ വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കാസർഗോഡ് സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ലത്തീഫും സുഹൃത്തായ മനാഫും മരിച്ചത്. പുലർച്ചെ 12.45 ഓടു കൂടി തളാപ്പ് എ കെ ജി ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം. 

മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമായി ലത്തീഫും മനാഫും സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് ലോറി ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെയും മനാഫിനെയും തൊട്ടടുത്ത എ കെ ജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ജില്ലാ ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റ് നടപടിക്കിടെയാണ് ലത്തീഫിന്റെ പോക്കറ്റിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുട‍ർന്ന് പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അതിനിടെ കോഴിക്കോട് ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ കണ്ണികൾ പൊലീസിന്‍റെ പിടിയിലായി. അബ്ദുൾ റൗഫ്, മുഹമ്മദ് ദിൽഷാദ് എന്നിവരെയാണ് ഡാൻസാഫും പൊലീസും ചേർന്ന് പിടികൂടിയത്. കോഴിക്കോട്ടെ ഹോട്ടൽ മുറിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. 29 ഗ്രാം എംഡിഎംഎയും ഇവരിൽനിന്ന് കണ്ടെടുത്തു. മയക്കുമരുന്ന് വിൽപ്പന നടത്താനുപയോഗിച്ച ഇരുചക്ര വാഹനവും പൊലീസ് പിടിച്ചെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group