കോഴിക്കോട്: പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ഗ്രോ വാസു ജാമ്യമെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് വീണ്ടും റിമാന്‍ഡിലായി. രണ്ടു തവണയായി 28 ദിവസത്തെ റിമാന്‍ഡ് കാലാവധിക്കു ശേഷം ഇന്ന് കുന്നമംഗലം കോടതിയില്‍ ഹാജരാക്കിയെങ്കിലും അദ്ദേഹം ജാമ്യമെടുക്കാന്‍ തയ്യാറായിരുന്നില്ല.
ഇതേതുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് കോടതി. എന്നാല്‍ കുറ്റപത്രത്തിനും സാക്ഷിമൊഴിക്കുമെതിരെ എതിര്‍ വിസ്താരം നടത്താനും ഗ്രോ വാസു തയ്യാറായില്ല. തുടര്‍ വിചാരണ സെപ്തംബര്‍ നാലിലേക്ക് മാറ്റി. രണ്ട് സാക്ഷികളെ വിസ്തരിച്ച കോടതി, മറ്റു സാക്ഷികളെ നാലിന് വിസ്തരിക്കുമെന്ന് അറിയിച്ചു.
ഗ്രോ വാസുവിന് കോടതിയില്‍ മജിസ്‌ട്രേറ്റ് ഇരിപ്പിടം നല്‍കിയെങ്കിലും അദ്ദേഹം ഇരിക്കാന്‍ തയ്യാറായില്ല. കോടതിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ 'പശ്ചിമഘട്ട രക്തസാക്ഷികള്‍ സിന്ദാബാദ്' എന്ന അദ്ദേഹം മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
2016ല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഗ്രോ വാസുവിനെ പോലീസ് അറസ്റ്റു ചെയ്തത്.
إرسال تعليق