കൊട്ടിയൂര്‍: കടുവകളെ കണ്ടുവെന്ന് പറയപ്പെടുന്ന ചപ്പമല പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി.
ഇന്നലെ രാവിലെ പ്രദേശത്ത് പരിശോധന നടത്തിയ വനപാലകര്‍ക്ക് പുതിയ കാല്‍പ്പാടുകളോ വന്യജീവിയുടെ മറ്റ് അടയാളങ്ങളോ ഒന്നും കണ്ടെത്താനും കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ 10 മണിയോടെ പ്രദേശവാസിയായ വീട്ടമ്മ പിച്ചാത്തിക്കല്ലുങ്കല്‍ കാഞ്ചനയാണ് രണ്ട് വലിയ കടുവയും ഒരു കുഞ്ഞും റോഡ് മുറിച്ചുകടക്കുന്നത് നേരില്‍ കണ്ടുവെന്ന് പറഞ്ഞത്. കാഞ്ചന ഓടി രക്ഷപെടുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഒന്നിനേയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാല്‍ വന്യജീവിയുടെ കാല്പാടുകള്‍ കണ്ടെത്തിയിരുന്നെങ്കിലും അത് കടുവയുടേതല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് കടുവയെ കണ്ടുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് തിങ്കളാഴ്ച രാത്രി തന്നെ വനപാലകര്‍ രണ്ട് ക്യാമറകള്‍ സ്ഥാപിച്ചു.രണ്ട് ദിവസത്തിനുള്ളില്‍ ക്യാമറ പരിശോധിക്കുമെന്നും രാത്രി കാലങ്ങളില്‍ പട്രോളിംഗ് നടത്തുമെന്നും ജനങ്ങള്‍ ഭയപ്പെടുന്നതുപോലുള്ള ഏതെങ്കിലും മൃഗങ്ങളുടെ സാന്നിദ്ധ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും കൊട്ടിയൂര്‍ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ ഉറപ്പുനല്‍കി..
ചപ്പമലയില്‍ വീണ്ടും കടുവകളുടെ സാന്നിദ്ധ്യമുണ്ടെന്ന പ്രചാരണം വ്യാപകമായതോടെ നാട്ടുകാര്‍ വീണ്ടും ഭീതിയിലായി
പുലിയുടെ സാന്നിദ്ധ്യം
കഴിഞ്ഞ ജനുവരി അവസാനവാരം മുതല്‍ കേളകം,കൊട്ടിയൂര്‍ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യമുണ്ട്. വനം വകുപ്പ് സ്ഥാപിച്ച ക്യാമറകളിലൊന്നില്‍ പുലികളുടെ ദൃശ്യം പതിഞ്ഞിരുന്നു.ആറളം ഫാം മേഖലയിലടക്കം കടുവയുടെ സാന്നിദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ചപ്പമലയില്‍ മുമ്ബും കടുവയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നില്ല.
إرسال تعليق