Join News @ Iritty Whats App Group

അത്തം പിറന്നു; ഓണനാളുകളിലേക്ക് മലയാളികൾ


അത്തം പിറന്നു, തിരുവോണത്തിന് ഇനി പത്ത് നാൾ കാത്തരിപ്പ്. പൂവിളികളോടെ മലയാളികൾ ഇന്നുമുതൽ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്. ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്.

രാവിലെ 9 മണിയോടെ തിരുവനന്തപുരം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തും. നടൻ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തുടർന്ന് നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര രാജനഗരിയെ വലംവയ്ക്കും.

രാവിലെ 10 മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കളമത്സരവും മൂന്നു മുതൽ പൂക്കളപ്രദർശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിൽ തിരുവോണം വരെയുള്ള കലാസന്ധ്യക്കും തുടക്കമാകും. ഇത്തവണത്തെ അത്തച്ചമയ ഘോഷയാത്ര പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരിക്കും നടപ്പാക്കുക.

അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ല്. ഇന്നുമുതൽ മലയാളികൾ പൊന്നോണത്തെ വരവേൽക്കാൻ മുറ്റത്ത് പൂക്കളമിട്ടു തുടങ്ങും. അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കുന്നതിന് ചില പ്രത്യേകതകളുമുണ്ട്.

അത്തം നാളിൽ ചെറിയ വലുപ്പത്തിൽ ഒരു ലെയറിലാണ് പൂക്കളമിടുക. ചിത്തിര നാളിൽ പ്രാധാന്യം വെളുത്ത പൂക്കൾക്കാണ്. രണ്ട് ലെയറായി പൂക്കളമൊരുക്കും. ചോതി നാളിൽ മൂന്ന് ലെയറിൽ ഒരുക്കും. വൃത്താകൃതിയിൽ നാല് ലെയറിൽ പല വർണങ്ങളിൽ പൂക്കൾ ഇടകലർത്തിയാണ് വിശാഖം നാളിൽ പൂക്കളമൊരുക്കുക.

അനിഴത്തിന് അഞ്ച് ലെയറിൽ അഞ്ച് നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂക്കളമൊരുക്കും. തൃക്കേട്ടയിൽ ആറ് ലെയറിൽ ആറ് നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാം. മൂലം നാളിൽ ഏഴ് ലെയറിൽ ചതുരാകൃതിയിലാണ് പൂക്കളമൊരുക്കേണ്ടത്. പൂരാടമെത്തുമ്പോൾ മറ്റ് ദിവസങ്ങളിലെ പൂക്കളങ്ങളേക്കാൾ വലുതായിരിക്കണം പൂക്കളം. എട്ട് ലെയറിൽ പൂക്കളമൊരുക്കും.

തിരുവോണത്തിന് തലേനാൾ ഉത്രാടത്തിന് പൂക്കളവും അതുപോലെ ഗംഭീരമായിരിക്കണം. ഒമ്പത് ലെയറിൽ സമൃദ്ധമായ പൂക്കളമാണ് മലയാളികൾ ഒരുക്കുക.

പത്ത് ലെയറിൽ പലവിധ പൂക്കളാൽ തിരുവോണത്തിന് പൂക്കളമൊരുക്കുമ്പോൾ പ്രധാന ഐറ്റം തുമ്പപ്പൂവ് തന്നെയായിരിക്കണം.

Post a Comment

أحدث أقدم
Join Our Whats App Group