Join News @ Iritty Whats App Group

അവിശ്വാസ പ്രമേയത്തിൽ ഇന്ന് ചർച്ച; മോദി സർക്കാരിനെതിരായ രണ്ടാമത്തെ അവിശ്വാസ പ്രമേയം; ചരിത്രത്തിലെ ഇരുപത്തെട്ടാമത്തേത്




ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിൽ ഇന്ന് ചർച്ച. രാഹുൽ ഗാന്ധിയാകും ചർച്ചയ്ക്ക് തുടക്കമിടുക. ചർച്ചയ്ക്ക് പ്രധാനമന്ത്രി മറ്റന്നാൾ മറുപടി പറയും. അവിശ്വാസപ്രമേയം പാസാക്കില്ലെങ്കിലും സർക്കാരിനെ തുറന്നു കാട്ടാമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ.

മണിപ്പുർ സംഘർഷം ഉയർത്തിക്കാട്ടിയാണ് കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ 28-ാം അവിശ്വാസ പ്രമേയമാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഭരണത്തിൽ പത്തു വർഷം തികയ്ക്കുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ രണ്ടാമത്തേത്തും.

മൂന്നാം ലോക്സഭയിൽ, 1962 ലെ ഇന്ത്യ – ചൈന യുദ്ധത്തിന് ശേഷമാണ് ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ജെ ബി കൃപലാനി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ 1963 ഓഗസ്റ്റ് 19 മുതൽ 22 വരെ നാലു ദിവസം ചർച്ച നടന്നു. വിമർശനങ്ങൾ ഏറെ ഉണ്ടായെങ്കിലും 62 നെതിരെ 347 വോട്ടുകൾക്ക് നെഹ്‌റു അവിശ്വാസത്തെ അതിജീവിച്ചു.

നെഹ്‌റുവിന്റെ കാലശേഷം പ്രധാനമന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രിയും മൂന്ന് തവണ അവിശ്വാസപ്രമേയം നേരിട്ടു. ഇന്ദിര ഗാന്ധി പതിനാറു വർഷത്തിൽ 15 തവണ അവിശ്വാസ പ്രമേയത്തെ നേരിട്ടിട്ടുണ്ട്. എല്ലാം ഇന്ദിര അതിജീവിച്ചു.

അടിയന്തരാവസ്ഥയെ തുടർന്ന് രാജ്യത്ത് അലയടിച്ച ഇന്ദിര വിരുദ്ധ തരംഗത്തിലാണ് ആദ്യ കോൺഗ്രസ്‌ ഇതര സർക്കാരിന്റെ പിറവി. മൊറാർജി ദേശായിയ്ക്ക് പക്ഷേ പ്രധാനമന്ത്രി കസേരയിൽ കാലാവധി പൂർത്തിയാക്കാനായില്ല. ആദ്യ അവിവിശ്വാസത്തെ അതിജീവിച്ച മൊറാർജിയ്ക്ക് പക്ഷേ രണ്ടാം തവണ പടിയിറങ്ങേണ്ടി വന്നു. വൈ ബി ചവാൻ കൊണ്ടുവന്ന പ്രമേയത്തിൽ രണ്ടു ദിവസം ചർച്ച നടന്നു. പ്രമേയം വോട്ടിനിടുന്നതിന് മുമ്പ് മൊറാർജി രാജിവച്ചു.

ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രി കസേരയിൽ എത്തിയ രാജീവ്‌ ഗാന്ധിയും നരസിംഹ റാവുവും എ ബി വാജ്‌പേയും അവിശ്വാസ പ്രമേയത്തെ നേരിട്ടിട്ടുണ്ട്. ഏറെ കോളിളക്കം ഉണ്ടാക്കിയ ജെഎംഎം കോഴ വിവാദത്തിന്റെ പിറവി ഒരു അവിശ്വാസ പ്രമേയ കാലത്തായിരുന്നു. 1993 ൽ സിപിഎം അംഗം അജോയ് മുഖോപാദ്യായ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നരസിംഹ റാവു മറികടന്നത് 14 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ്. ആ പരീക്ഷണത്തെ അതിജീവിക്കാൻ നാല് ജെഎംഎം എംപിമാർക്ക് കോഴ നൽകിയത് ഇന്ത്യൻ ജനാധിപത്യത്തിനു നാണക്കേടുണ്ടാക്കി.

2003 ൽ കോൺഗ്രസ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം വാജ്‌പേയും 2018 ൽ ടിപിപി കൊണ്ടുവന്ന അവിശാസപ്രമേത്തെ നരേന്ദ്ര മോദിയും മറികടന്നു. അവിശ്വാസത്തിൽ രാജിവച്ചത് മൊറാർജി ദേശായി മാത്രമെങ്കിൽ വിശ്വാസ വോട്ടിൽ തോറ്റു രാജിവച്ചത് വിപി സിംഗ്, എച്ച് ഡി ദേവേഗൗഡ, എ ബി വാജ്‌പേയ് എന്നിങ്ങനെ മൂന്ന് പ്രധാനമന്ത്രിമാരാണ്.

1990 ൽ ബിജെപി പിന്തുണ പിൻവലിച്ചതോടെയാണ് വിപി സിംഗ് വിശ്വാസവോട്ട് തേടിയത്. 142 നെതിരെ 346 വോട്ടുകൾക്ക് വിശ്വാസ വോട്ട് പരാജയപ്പെട്ടു. 1997 ൽ പ്രധാനമന്ത്രിയായ എച്ച് ഡി ദേവെഗൗഡയ്ക്ക് പദവിയിൽ തുടരാൻ ആയത് പത്തു മാസമാണ്. കോൺഗ്രസ് പിന്തുണ പിൻവലിച്ചതോടെ ദേവെഗൗഡയ്ക്ക് വിശ്വാസ വോട്ട് തേടേണ്ടിവന്നു. 158 നെതിരെ 222 വോട്ടുകൾക്ക് പരാജയപ്പെട്ടു.

ജയലളിത പിന്തുണ പിൻവലിച്ചതിന്റെ തുടർന്നായിരുന്നു 1999 ഏപ്രിലിൽ എബി വാജ്‌പേയ് വിശ്വാസ വോട്ട് തേടേണ്ടി വന്നത്. ഒറ്റ വോട്ടിന്റെ വ്യത്യാസത്തിലാണ് വാജ്‌പേയ് സർക്കാർ നിലം പൊത്തിയത്. 269 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 270 അംഗങ്ങൾ എതിർത്തു.

ആണവകരാറിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ചു 2008 ൽ ഇടതുപക്ഷം യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചപ്പോൾ മൻമോഹൻ സിംഗും വിശ്വാസ വോട്ട് തേടി. സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെ വിശ്വാസ വോട്ട് തേടിയെങ്കിലും വോട്ടിനു കോഴ കേസ് സഭാ ചരിത്രത്തിലെ മറ്റൊരു നാണക്കേടായി.

Post a Comment

أحدث أقدم
Join Our Whats App Group