കൊച്ചി: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിന് പതിനഞ്ചുകാരന് കാർ ഡ്രൈവറുടെ ക്രൂര മർദനം. കൊച്ചി ഹൈക്കോടതി ജംഗ്ഷനിലാണ് സംഭവം. കുട്ടിയുടെ കർണപടം പൊട്ടി. കേൾവിശക്തിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. കുട്ടിയെ മർദിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൂട്ടുകാർക്കൊപ്പം റോഡ് മുറിച്ചുകടക്കാനായി കുട്ടി കൈകാണിച്ച് കാർ നിർത്തിക്കുകയായിരുന്നു. ഇതോടെയാണ് കാർ നിർത്തി ഡ്രൈവർ ഇറങ്ങിവന്ന്, കുട്ടിയുടെ കരണത്തടിച്ചത്. കുട്ടിയെ മർദിച്ച ശേഷം കാർ ഡ്രൈവറായ പുതുവൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മനു കടന്നുകളഞ്ഞു. ഇയാളെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
പോലീസിന് പരാതി നൽകിയെന്ന് മർദനമേറ്റ കുട്ടിയുടെ അമ്മ പറഞ്ഞു. റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന കാറിന് കൈ കാണിച്ച നിർത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് കുട്ടിയുടെ അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയെ മർദിക്കുന്നത് കണ്ടിട്ടും സ്ഥലത്തുണ്ടായിരുന്നവർ ഇടപെട്ടില്ലെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
കാർ ഡ്രൈവറായ മനു പിന്നീട് പൊലീസിനോട് കുറ്റം സമ്മതിച്ചു. കാറിന് കൈ കാണിച്ചത് കൊണ്ടാണ് അടിച്ചതെന്ന് ഇയാൾ പറഞ്ഞു. എറണാകുളം സൗത്ത് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് മനുവിനെ പൊലീസ് പിടികൂടിയത്. കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേൾവിശക്തിക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ, ശസ്ത്രക്രിയ ഉൾപ്പടെയുള്ള വിദഗ്ദ ചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
إرسال تعليق