Join News @ Iritty Whats App Group

കേരള – കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ ഇരു സംസ്ഥാനത്തെയും എക്സൈസ് സംഘങ്ങൾ വാഹനപരിശോധന തുടങ്ങി

പ്രതീകാത്മക ചിത്രം

ഇരിട്ടി: ഓണം ആഘോഷങ്ങളുടെ മറവിൽ കർണാടകയിൽ നിന്നു കേരളത്തിലേക്കു സാധ്യതയുള്ള ലഹരി മദ്യക്കടത്ത് തടയുന്നതിനായി കേരള, കർണാടക അതിർത്തിയിൽ ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങൾ സംയുക്ത വാഹന പരിശോധന തുടങ്ങി. കൂട്ടുപുഴ പുതിയ പാലം കേന്ദ്രീകരിച്ചു ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണു നടപടി. മദ്യം, ലഹരി ഉൽപന്നങ്ങൾ, കള്ളപ്പണം, മയക്കുമരുന്ന് എന്നിവ കടത്തുന്നത് തടയുകയാണ് ലക്ഷ്യം. ഇടയ്ക്കിടെ അപ്രതീക്ഷിതമായി എത്തി ഇരു സംസ്ഥാന സംഘങ്ങളും ചേർന്നുള്ള പരിശോധന എന്ന നിലയിലാണു പ്രവർത്തനം.

അതിർത്തിയിൽ എക്സൈസിന്റെ പരിശോധനയ്ക്കു പുറമേ 24 മണിക്കൂറും കേരള പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും പരിശോധനയും നടക്കുന്നുണ്ട്. കൂട്ടുപുഴയിൽ നിലവിലുള്ള കേരള എക്സൈസ് പരിശോധനയ്ക്കു പുറമേയാണു പാലത്തിന് സമീപം കർണാടകയുമായി ചേർന്നു സംയുക്ത പരിശോധനയും നടത്തുന്നത്. ഇതോടെ അന്തർ സംസ്ഥാന യാത്രക്കാർ 2 കിലോമീറ്ററിനിടിയിൽ 7 പരിശോധനകൾ നേരിടണം.

വിരാജ്പേട്ട എക്സൈസ് ഡപ്യൂട്ടി സൂപ്രണ്ട് എം.എൻ.നടരാജു, എക്സൈസ് ഇൻസ്പെക്ടർ ശിവരാജ്, സബ് ഇൻസ്പെക്ടർ ഗണേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കർണാടക സംഘവും ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ വി.രജനീഷ്, ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പി.ടി.യേശുദാസൻ, എക്സൈസ് പ്രിവന്റീവ് ഓഫിസർമാരായ അബ്ദുൽ ബഷീർ പിലാട്ട്, വി.കെ.വിനോദൻ, പി.സി.വാസുദേവൻ, കെ.ശശികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള കേരള സംഘവും ആണു ഇന്നലെ പരിശോധന നടത്തിയത്.

*മയക്കു - ലഹരി മരുന്ന് കടത്ത് രൂക്ഷം* 

കർണാടകയിൽ നിന്ന് മാക്കൂട്ടം അതിർത്തി വഴി ബൈക്കുകളിൽ അടക്കം എംഡിഎംഎ, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപുകൾ, വിവിധ മയക്കു ഗുളികകൾ എന്നിങ്ങനെ മാരക ലഹരി വസ്തുക്കൾ വ്യാപകമായി കടത്തുന്നുണ്ടെന്നു ആണു അധികൃതരുടെ നിരീക്ഷണം. അടുത്തിടെ ഇത്തരം നിരവധി കേസുകൾ എക്സൈസും പൊലീസും പിടികൂടിയിരുന്നു.

നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കിളിയന്തറയിൽ ഉണ്ടായിരുന്ന കേരള എക്സൈസ് ചെക്ക് പോസ്റ്റ് അടുത്ത കാലത്ത് കൂട്ടുപുഴയിലേക്ക് മാറ്റിയിരുന്നു. ഓണം ആഘോഷങ്ങളുടെ ഭാഗമായി ഇത്തരം ലഹരിക്കടത്ത് വർധിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണു ഇരു സംസ്ഥാനങ്ങളിലെയും എക്സൈസ് സംഘങ്ങളുടെ സംയുക്ത നീക്കം. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഈ മാസം തുടക്കം മുതൽ കേരളത്തിൽ പരിശോധന ശക്തമാക്കിയിരുന്നു.

ഇതിനിടെ മാത്രം 21 ഗ്രാം കഞ്ചാവും 41 മില്ലി ഗ്രാം എംഡിഎംഎയും 12 കിലോയോളം പുകയില ഉൽപന്നങ്ങളും എക്സൈസ് പിടിച്ചെടുത്തിരുന്നു. ബസ് യാത്രക്കാരായി കേരളത്തിലേക്ക് കടക്കുകയായിരുന്ന 5 തമിഴ്നാട് സ്വദേശികളെ 1.12 കോടി രൂപയുടെ കുഴൽ പണം ആയും പിടികൂടിയിരുന്നു.


Post a Comment

أحدث أقدم
Join Our Whats App Group