Join News @ Iritty Whats App Group

'മണിപ്പൂരിൽ ഇന്ത്യയെ കൊന്നു; നിങ്ങൾ രാജ്യദ്രോഹികൾ': ലോക്സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി


ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ലോക്സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്ക് പോര്. മണിപ്പൂരിൽ ഇന്ത്യയെ കൊലപ്പെടുത്തിയെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാറിനേയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചത്.

മണിപ്പൂര്‍ ഇന്ത്യയിലല്ലെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. എന്തുകൊണ്ട് പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്ന് രാഹുല്‍ ചോദിച്ചു. താൻ മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. അതിക്രമം നേരിട്ട സ്ത്രീകളോടും കുട്ടികളോടും സംസാരിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ശബ്ദം കേള്‍ക്കാൻ മോദി തയ്യാറാകണം. ഇന്ത്യയുടെ ശബ്ദമല്ലാതെ വേറെ ആരുടെ ശബ്ദമാണ് കേള്‍ക്കുകയെന്നും അദ്ദേഹം ചോദിച്ചു.

ലോക്സഭാംഗമായി തന്നെ തിരിച്ചെടുത്തതിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് അദ്ദേഹം നന്ദി പറഞ്ഞു. അതോടൊപ്പം തന്നെ നേരത്തെ പ്രസംഗത്തില്‍ അദാനിയെ പരാമര്‍ശിച്ചതിന് ക്ഷമാപണം നടത്തുകയും ചെയ്തു. ‘സഭയിലെ എന്റെ അവസാന പ്രസംഗത്തില്‍ ഞാൻ അദാനിയെ കുറിച്ച്‌ സംസാരിച്ചു. ഇതുവഴി ഞാൻ പലരെയും വേദനിപ്പിച്ചിരിക്കാം. അതുകൊണ്ട് ഞാൻ മാപ്പ് ചോദിക്കുന്നു. ഇന്നത്തെ എന്റെ പ്രസംഗം അദാനിയെ ചുറ്റിപ്പറ്റിയാകില്ല, അതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നാണ് ബിജെപിയിലെ എന്റെ സുഹൃത്തുക്കളോട് പറയാനുള്ളത്.’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി ജെ പി രാജ്യസ്‌നേഹികളല്ലെന്നും മറിച്ച്‌ രാജ്യദ്രോഹികളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, ഭരണപക്ഷ എംപിമാര്‍ ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം വിളിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group