Join News @ Iritty Whats App Group

സുജിതയുടെ മൃതദേഹം കയ്യും കാലും കെട്ടി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ; കുഴിച്ചിട്ട സ്ഥലത്ത് ബാത്ത്റൂം പണിയാൻ പദ്ധതി


മലപ്പുറം: തുവ്വുരിൽ കണ്ടെത്തിയ മൃതദേഹം കാണാതായ സുജിതയുടേതെന്ന് സ്ഥിരീകരിച്ച് പൊലീസ്. കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടപ്പാക്കിയതെന്ന് മലപ്പുറം എസ്പി പറഞ്ഞു.

മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ബാത്ത്റൂം പണിയാൻ ആയിരുന്നു പ്രതികളുടെ നീക്കം. പുറത്തെടുത്ത മൃതദേഹം ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കേസിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി വിഷ്ണു അടക്കം അഞ്ചു പേരാണ് അറസ്റ്റിലായത്.

വിഷ്ണുവിന്റെ അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വീട്ടുമുറ്റത്ത് കുഴിച്ചിട്ടത് സുജിതയുടെ മൃതദേഹം തന്നെയാണെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. സുജിതയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഇതിനു ശേഷം കെട്ടിത്തൂക്കി. തുടർന്ന് അച്ഛന്റേയും സുഹൃത്തിന്റേയും സഹായത്തോടെ വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ മൊഴി. കൊലപ്പെടുത്തിയതിനു ശേഷം സുജിതയുടെ ആഭരണങ്ങൾ വിഷ്ണവും കൂട്ടരും കൈക്കലാക്കിയതായും സൂചനയുണ്ട്.

ഓഗസ്റ്റ് 11 മുതൽ കാണാതായ സുജിതയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത തുവ്വൂർ കൃഷിഭവനിലെ താത്കാലിക ജീവനക്കായായിരുന്നു. സുജിതയുടെ സുഹൃത്തും പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിലെ ജീവനക്കാരനുമാണ് വിഷ്ണു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

തിരോധാനവുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെ കുറിച്ച് സൂചന ലഭിച്ചത്. വീട്ടിലെ പറമ്പിലുള്ള മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളില്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വിതറി കോഴിക്കൂട് സ്ഥാപിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group