Join News @ Iritty Whats App Group

പ്രിയാ വര്‍ഗീസ് നിയമനം: പിഎച്ച്ഡി കാലം അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് യുജിസി സുപ്രീം കോടതിയില്‍



കണ്ണൂര്‍ സര്‍വകാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയാ വര്‍ഗീസിനെ നിയമിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ യുജിസി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെനോട്ടീസ്. പിഎച്ച്ഡിക്കായി അവര്‍ ചെലവഴിച്ച സമയം അധ്യാപന പരിചയമായി കണക്കുകൂട്ടിയാണ് ഹൈക്കോടതി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയാണ് പ്രിയ വര്‍ഗീസ്. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് യുജിസിയുടെ ഹര്‍ജി പരിഗണിച്ചത്. പിച്ച്എഡി നേടുന്നതിന് ചെലവഴിച്ച കാലയളവ് അധ്യാപനമായി കണക്കാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് യുജിസി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദിച്ചു.

2023 ജൂണില്‍ പ്രിയ വര്‍ഗീസ് നല്‍കിയ അപ്പീലില്‍, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അധ്യാപന പരിചയം കണക്കാക്കുമ്പോള്‍ പിഎച്ച്ഡിക്കായി ചെലവഴിച്ച സമയം പരിഗണിക്കാന്‍ പാടില്ലെന്ന യുജിസി ചട്ടം ശരിവെച്ചാണ് സിംഗില്‍ ബെഞ്ച് ഉത്തരവിട്ടത്.

ഹൈക്കോടതിയുടെ ഉത്തരവ് ഒരു പരിധിവരെ തെറ്റാണെന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ജെകെ മഹേശ്വരി വാക്കാല്‍ പറഞ്ഞു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റെഗുലേഷന്‍ നിഷ്‌കര്‍ഷിക്കുന്ന അധ്യാപന പരിചയം പ്രിയ വര്‍ഗീസിന് ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിശദീകരിച്ചു.

ഫാക്കല്‍റ്റി അംഗമല്ലാത്തൊരാൾക്ക് അധ്യാപന പരിചയമുള്ളതായി കണക്കാക്കാനാകില്ലെന്നും അതേസമയം റെഗുലര്‍ ഫാക്കല്‍റ്റി അംഗമായൊരാള്‍ അധ്യാപനത്തിനൊപ്പം ഗവേഷണ ബിരുദം എടുക്കുന്ന കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

എന്നാല്‍, ഇത് തെറ്റായ വ്യാഖ്യാനമാണെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ യുജിസി വാദിച്ചു. യുജിസിയുടെ റെഗുലേഷന്‍ പ്രകാരം അധ്യാപന പരിചയമെന്നത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ എടുക്കണമെന്നും അത് അനുമാനിക്കാനോ വ്യാഖ്യാനിക്കാനോ കഴിയില്ലെന്നും യുജിസി വാദിച്ചു.

പിച്ച്ഡി ബിരുദം നേടുന്ന കാലയളവ് അധ്യാപന കാലയളവായി പരിഗണിക്കാന്‍ കഴിയില്ലെന്നും അതേസമയം, അവധിയെടുക്കാതെ അധ്യാപനത്തിനൊപ്പം ഗവേഷണബിരുദം നേടുന്നത് പരിഗണിക്കാമെന്നതും യുജിസി റെഗുലേഷനില്‍ വളരെ വ്യക്തമായി പറയുന്നുണ്ടെന്ന് യുജിസി പറഞ്ഞു.

പ്രിയ വര്‍ഗീസ് പിഎച്ച്ഡി നേടുന്നതിന് എടുത്ത സമയം അധ്യാപന അല്ലെങ്കില്‍ ഗവേഷണ പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് എട്ട് വര്‍ഷം അധ്യാപന പരിചയം വേണമെന്ന നിയമം പാലിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് യുജിസിയുടെ വാദം. അധ്യാപികയായി ജോലിയില്‍ തുടര്‍ന്നുകൊണ്ടല്ല പ്രിയ വര്‍ഗീസ് ഗവേഷണം ചെയ്തതെന്നും യുജിസിയുടെ വാദത്തില്‍ പറയുന്നു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറായും എന്‍എസ്എസ് പോഗ്രാം കോര്‍ഡിനേറ്ററായും ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ച സ മയം അധ്യാപന പരിചയമായി കണക്കുകൂട്ടിയതില്‍ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് യുജിസി അപ്പീലില്‍ വാദിച്ചു. ഇത്തരം പ്രവര്‍ത്തി പരിചയങ്ങള്‍ അധ്യാപന പരിചയമായി പരിഗണിച്ചില്ലെങ്കില്‍ ഡെപ്യൂട്ടേഷനില്‍ പോയി ഇത്തരം പദവികള്‍ വഹിക്കുന്നതില്‍ നിന്ന് അധ്യാപകരെ പിന്തിരിപ്പിക്കുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

എന്നാല്‍, സ്റ്റുഡന്റസ് സര്‍വീസസ് ഡയറക്ടറുടെ ചുമതലകള്‍ താന്‍ വഹിച്ചിരുന്നായി പ്രിയ വര്‍ഗീസ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇത് അധ്യാപന പരിചയമായി കണക്കാന്‍ കഴിയില്ലെന്നും യുജിസി ഹര്‍ജിയില്‍ വാദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group