Join News @ Iritty Whats App Group

ഇ ഡി വേട്ടയാടുന്നെന്ന പരാതിയില്ല, ഭയവുമില്ല; ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ സുധാകരൻ


തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ കേസിൽ ഇ ഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ലെന്ന് കെ. സുധാകരൻ. ഒരു ദിവസം കൂടി വരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30 ന് വീണ്ടും ഹാജരാകും. ചോദ്യങ്ങൾക്കെല്ലാം സുഖകരമായി ഉത്തരം നൽകി. ഇ ഡി വേട്ടയാടുന്നുവെന്ന പരാതിയില്ല. അവർ അവരുടെ ജോലി ചെയ്യുന്നു. തനിക്കൊരു ഭയവുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ഇന്ന് രാവിലെ 10 മണിക്ക് കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടന്നത്. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസന്‍റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടിലാണ് ഇ ഡി സുധാകരനെ ചോദ്യം ചെയ്യുക. മോൻസൺ മാവുങ്കലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം സുധാകരൻ നേരത്തെ തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് എടുത്ത കേസിൽ കെ. സുധാകരനെ പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് ചോദ്യം ചെയ്യുന്നതിൽ ആശങ്കയില്ലെന്ന് സുധാകരൻ പറഞ്ഞു.

അതിനിടെ, പുരാവസ്തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. ഐ ജി ലക്ഷ്മണിനെതിരെ ഗുരുതര കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയത്. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണെന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇടനിലക്കാരുടെ സംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണം ഐജി ഹൈക്കോടതയിൽ ഉന്നയിച്ചതിന് പിറകെയാണ് ക്രൈംബ്രാ‌ഞ്ചും നിലപാട് കടുപ്പിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group