Join News @ Iritty Whats App Group

മോദി സര്‍ക്കാരിന്റെ പേരുമാറ്റല്‍ രാഷ്ട്രീയത്തിന് രാഹുലിന്റെ മറുപടി

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേര് മാറ്റല്‍ വിവാദത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ബിജെപിയുടെ പുനര്‍നാമകരണ പ്രക്രിയയ്ക്ക് ചുട്ട മറുപടിയുമായി രാഹുല്‍ ഗാന്ധി.

‘നെഹ്‌റു ജി കി പഹചാന്‍ ഉന്‍കെ കരം ഹേ, ഉന്‍കാ നാം നഹി’

എന്നാണ് രാഹുല്‍ ഗാന്ധി സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. നെഹ്‌റുവിനെ ലോകം തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ പേര് കൊണ്ടല്ലെന്നും പ്രവര്‍ത്തി കൊണ്ടാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രൈം മിനിസ്റ്റേഴ്‌സ് മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറി എന്നാണ് നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയുടെ പേരുമാറ്റം.

ജവഹര്‍ലാല്‍ നെഹ്റു പേരിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ് അറിയപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവും നെഹ്‌റുവിന്റെ കൊച്ചുമകനുമായ രാഹുല്‍ ഗാന്ധി പറയുമ്പോള്‍ അത് കടുത്ത മറുപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ബിജെപി ഇന്നും നെഹ്‌റു എന്ന പേരിനെ എത്രത്തോളം പേടിക്കുന്നുവെന്നത് വ്യക്തമാക്കുകയാണ് കാവിപാര്‍ട്ടിയുടെ ഓരോ നടപടികളും.

രാജ്യത്തിന്റെ 77ാമത് സ്വാതന്ത്ര്യദിനത്തിലാണ് നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയെന്നാക്കി മാറ്റിയത്. പ്രതിപക്ഷത്തിന്റെ ശക്തമായ വാഗ്വാദങ്ങള്‍ക്കിടയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍. പല സ്റ്റേഡിയങ്ങളും സര്‍വ്വകലാശാലകളും സ്ഥലപ്പേരും പദ്ധതി പേരുകളുമെല്ലാം സ്വന്തം പാര്‍ട്ടിക്കും സംഘപരിവാര്‍ നേതാക്കള്‍ക്ക് പ്രിയപ്പെട്ടവരുടെ പേരുകളിലേക്കും പുനര്‍ നാമകരണം ചെയ്യുന്നത് പതിവാക്കിയ ബിജെപിയുടെ ഒടുവിലത്തെ നടപടിയാണ് ഇത്.

നെഹ്റുവിന്റെ പാരമ്പര്യം തകര്‍ക്കാനാണ് നരേന്ദ്ര മോദിക്ക് താത്പര്യമെന്ന് കോണ്‍ഗ്രസ് പലായാവര്‍ത്തി പറഞ്ഞു കഴിഞ്ഞതുമാണ്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവന്‍ ഉള്‍പ്പെടുന്ന നെഹ്റു മെമ്മോറിയല്‍ മ്യൂസിയം വിപുലീകരിച്ചാണ് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറിയാക്കിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു മ്യൂസിയത്തിന്റെ ഉദ്ഘാടനം. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഡല്‍ഹിയിലെ തീന്‍ മൂര്‍ത്തി ഭവന്‍ 1948 ഓഗസ്റ്റ് മുതല്‍ 1964 മേയ് 27വരെ പ്രധാനമന്ത്രി നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു.

ആധുനിക സമകാലിക ഇന്ത്യ എന്ന വിഷയത്തെക്കുറിച്ചുള്ള നൂതന ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായാണു സ്വയംഭരണ സ്ഥാപനമായി നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സ്ഥാപിച്ചത്. 1964 നവംബര്‍ 14ന്, നെഹ്റുവിന്റെ 75ാം ജന്മവാര്‍ഷികത്തില്‍ അന്നത്തെ രാഷ്ട്രപതി ഡോ എസ് രാധാകൃഷ്ണനായിരുന്നു മ്യൂസിയം ഉദ്ഘാടനം ചെയ്തത്.

കനത്ത പ്രതിഷേധത്തിനിടയിലും പേര് മാറ്റല്‍ നടത്തിയ ബിജെപിക്ക് രാഹുല്‍ ഗാന്ധി മാത്രമല്ല കുറിക്കുകൊള്ളുന്ന മറുപടി നല്‍കിയത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ജവഹര്‍ലാല്‍ നെഹ്റു നല്‍കിയ മഹത്തായ സംഭാവനകള്‍ എടുത്തുമാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രതികരിച്ചു. സ്വാതന്ത്ര്യ സമരത്തിലെ ആര്‍എസ്എസ് നിലപാടുകളെ ഓര്‍മ്മിപ്പിച്ചാണ് ജയറാം രമേശിന്റെ മറുപടി.

ഇന്ന് മുതല്‍, ഒരു ഐക്കണിക്ക് സ്ഥാപനത്തിന് ഒരു പുതിയ പേര് ലഭിക്കുന്നു. ലോകപ്രശസ്ത നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി പിഎംഎംഎല്‍ ആകുന്നു, െൈപ്രം മിനിസ്റ്റേഴ്‌സ് സ്മാരക മ്യൂസിയവും ലൈബ്രറിയും ആകുന്നു. മോദിയുടെ പക്കലുള്ളത് ഭയങ്ങളുടെയും അപകര്‍ഷതാബോധത്തിന്റേയും അരക്ഷിതാവസ്ഥയുടെയും ഒരു വലിയ ശേഖരമാണ്. പ്രത്യേകിച്ചും നമ്മുടെ ആദ്യത്തേതും ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയെ സേവിച്ചതുമായ പ്രധാനമന്ത്രിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍. നെഹ്റുവിനെയും നെഹ്റുവിയന്‍ പൈതൃകത്തെയും നിഷേധിക്കുകയും വളച്ചൊടിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുക എന്ന ഒരൊറ്റ അജണ്ടയാണ് നരേന്ദ്ര മോദിക്കുള്ളതെന്നും ജയറാം രമേശ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group