Join News @ Iritty Whats App Group

മലയാളത്തിലെ ഹിറ്റ്മേക്കറിന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് സിനിമാലോകം, സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം നടന്നു




പ്രമുഖ സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം നടന്നു. വൈകിട്ട് ആറു മണിയോടെ എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാവിലെ ഒമ്പതു മണി മുതല്‍ എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. സിനിമാരംഗത്തുനിന്നും,പൊതുരംഗത്തുനിന്നും നിരവധിപ്പേരാണ് സിദ്ദിഖിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇന്നലെ രാത്രി 9.10നാണ് സിദ്ദിഖ് അന്തരിച്ചത്.

ജൂലൈ 10ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ദിഖിന് ന്യുമോണിയ പിടികൂടിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. 4 ആഴ്ചയോളം ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു സംവിധായകന്‍.

നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു രോഗം. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനിരിക്കെയാണ് സിദ്ദിഖിന് ന്യുമോണിയ പിടികൂടിയത്. ഇതോടെ ശ്വാസകോശത്തിന്റെയും കരളിന്റെയും പ്രവര്‍ത്തനം താളംതെറ്റി. തുടര്‍ന്ന് ഐസിയുവില്‍ വെന്റിലേറ്റില്‍ പ്രവേശിപ്പിച്ചു.

വിദഗ്ധ ചികിത്സയെ തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെടുകയും വെന്റിലേറ്റര്‍ നീക്കി റിക്കവറി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഒരാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള നടപടികള്‍ വീണ്ടും തുടങ്ങി. മകളുടെ കരള്‍ ആണ് മാറ്റിവയ്ക്കാനിരുന്നത്.

ഇതിനിടയില്‍ അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാത്രി മുതല്‍ കാര്‍ഡിയോളജി ഐസിയുവില്‍ വെന്റിലേറ്റര്‍ പിന്തുണയോടെ ചികിത്സ നല്‍കി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായി താളംതെറ്റിയതോടെ ജീവന്‍ രക്ഷാ ഉപകരണമായ എക്‌മോ ഘടിപ്പിച്ചു. ഡയാലിസിസും തുടര്‍ന്നിരുന്നു. എന്നാല്‍ സിദ്ദിഖിനെ ജീവിതത്തിലേക്ക് മടക്കി എത്തിക്കാനായില്ല.

Post a Comment

أحدث أقدم
Join Our Whats App Group