ലഖ്നൗ> ഉത്തർപ്രദേശിൽ രണ്ടാം ക്ലാസുകാരനായ മുസ്ലീം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ടു അധ്യാപിക തല്ലിച്ച സംഭവത്തിൽ സ്കൂൾ അടച്ചുപൂട്ടാൻ നിർദേശം. അന്വേഷണത്തിന്റെ ഭാഗമായാണ് മുസാഫർനഗറിലെ നേഹ പബ്ലിക് സ്കൂൾ പൂട്ടാൻ അധികൃതർ നോട്ടീസ് അയച്ചത്. സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ സമീപത്തെ സ്കൂളുകളിൽ അവർക്ക് പ്രവേശനം നൽകാനും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി.
കഴിഞ്ഞ ദിവസമാണ് മുസ്ലിം വിദ്യാർഥിയെ തല്ലാൻ സഹപാഠികളോട് അധ്യാപിക ത്രിപ്ത ത്യാഗി ആവശ്യപ്പെടുന്ന വിവാദ വീഡിയോ പുറത്തുവന്നത്. ക്ലാസിൽ അധ്യാപികയുടെ സമീപം നിർത്തിയ വിദ്യാർഥിയെ നിലത്തിരിക്കുന്ന വിദ്യാർഥികളിൽ ഓരോരുത്തരായി എഴുന്നേറ്റുവന്ന് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ‘ഞാൻ എല്ലാ മുഹമ്മദൻസ് (മുസ്ലിം) കുട്ടികളെയും അടിക്കുന്നു'വെന്ന് അധ്യാപിക പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ വൻ പ്രതിഷേധവും ഉയർന്നിരുന്നു.
إرسال تعليق