ആലപ്പുഴ: ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ അധികൃതരുടെ പരിശോധന. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ സര്‍വീസ് നടത്തിയിരുന്ന ഏഴ് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. ഭാഗികമായ ക്രമക്കേടുകള്‍ കണ്ടെത്തിയ 10 ബോട്ടുകളുടെ ഉടമകൾക്ക് 1,20,000 രൂപ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി.
ഫിനിഷിങ് പോയിന്റ്, സ്റ്റാർട്ടിങ് പോയിന്റ്, സായ് ബോട്ട് ഹൗസ് എന്നിവിടങ്ങളിലായി 26 ഹൗസ് ബോട്ടുകളിലും മൂന്ന് മോട്ടോർ ബോട്ടുകളിലും ഒരു ബാർജിലുമാണ് പരിശോധന നടത്തിയത്. 13 ബോട്ടുകളുടെ രേഖകൾ ശരിയാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. പോർട്ട് ചെക്കിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥന്‍ പി ഷാബു, ടൂറിസം പോലീസ് എസ് ഐമാരായ പി ആർ രാജേഷ്, ടി ജയമോഹനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സി ശ്രീജ, ആർ ജോഷിത്, അർത്തുങ്കൽ കോസ്റ്റൽ പോലീസിലെ എസ് ഐ ആൽബർട്ട്, കോസ്റ്റൽ വാർഡൻ രഞ്ജിത് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
إرسال تعليق