ഇരിട്ടി: പായം തെങ്ങോലയിലെ സുന്ദർ മേസ്ത്രി തന്റെ ജീവകാരുണ്യ വഴിയിൽ കണ്ടെത്തിയ അഞ്ച് നിർദ്ധന കുടുംബങ്ങൾക്കായി നിർമ്മിച്ച വീടിന്റെ സ്നേഹത്താക്കോൽ കൈമാറിയതോടെ അദ്ദേഹത്തിൻറെ നന്മത്തണലിൽ തലചായ്ക്കാനൊരിടം കിട്ടിയ സന്തോഷത്തിലാണ് കുടുംബങ്ങൾ. താനും ഭാര്യയും രണ്ട് മക്കളും ചേർന്ന് സ്വയം കണ്ടെത്തി കിടപ്പാടമോ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ മറ്റ് വഴികളോ ഇല്ലാതെ ഉഴലുകയായിരുന്ന അഞ്ച് കുടുംബങ്ങൾക്കാണ് സുന്ദർ മേസ്ത്രി ഉത്രാടം നാളിൽ വീടുകളുടെ താക്കോൽ കൈമാറിയത്. സുന്ദർ മേസ്ത്രി സ്വന്തം കഠിനാധ്വാനത്തിലൂടെ സ്വരൂപിച്ച പണമാണ് ജീവകാരുണ്യ പ്രവർത്തനത്തിനായി ചിലവഴിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള കോളിക്കടവ് തൊങ്ങോലയിലെ 25 സെന്റ് സ്ഥലത്താണ് സ്വന്തം ചിലവിൽ നിർമ്മിച്ച അഞ്ചു കോൺക്രീറ്റ് വീടുകൾ ഇദ്ദേഹം നിർദ്ധന കുടുംബങ്ങൾക്ക് ദാനമായി നൽകിയതി. ഒരു കോടിയോളം രൂപ ചിലവിൽ ഒരേ രീതിയിൽ 750 ചതുരശ്ര അടിയിൽ ആണ് വീടുകളുടെ പണി പൂർത്തിയാക്കിയത്. രണ്ട് വിശാലമായ കിടപ്പു മുറിയുടെ ഒന്നിൽ ശുചിമുറി കൂടിയുണ്ട്. കൂടാതെ പുറത്ത് മറ്റൊരു ശുചിമുറി, വിശാലമായ മുറ്റം, അടുക്കള, വരാന്ത, പിൻവശത്ത് ഷീറ്റ് മേഞ്ഞ മുറ്റം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ് വീടുകൾ. നാലു സെന്റ് വീതമുള്ള സ്ഥലത്തു പണികഴിപ്പിച്ച ഓരോ വീടിനും ചുറ്റുമതിൽ കെട്ടി വേർതിരിച്ച നിലയിലാണ്. എല്ലാവീടുകൾക്കും വീടുകൾക്കും വെവ്വേറെ ശുദ്ധജല ടാങ്കുകൾ, പമ്പിങ് മോട്ടോറുകൾ, വൈദ്യുതി മീറ്റർ എന്നിവയും ഉണ്ട്.
കരിക്കോട്ടക്കരിയിലെ സൈനബയും നാല് മക്കളും , കൂവക്കുന്നിലെ വിചിത- രാജേഷ് ദമ്പതികളും രണ്ട് മക്കളും, കുന്നോത്തെ ലളിത - സജീവൻ ദമ്പതികളും ഏകമനും, വള്ളിത്തോടിലെ പ്രിയ - പ്രകാശ് ദമ്പതികളും രണ്ട് മക്കളും അമ്മയും, മുണ്ടയാം പറമ്പിലെ ശ്രീജ - സന്തോഷ് ദമ്പതികളും മൂന്ന് മക്കളും അമ്മയും അടങ്ങിയ കുടുംബങ്ങൾക്കാണ് സുന്ദരൻ മേസ്ത്രിയും ഭാര്യ ഷീനയും മക്കളായ സോനയും സായന്തും ചേർന്ന് തങ്ങളുടെ സ്‌നേഹ താക്കോൽ കൈമാറിയത്. തിങ്കളാഴ്ച്ച രാവിലെ അഞ്ചു വീടുകളിലും പാലുകാച്ചൽ ചടങ്ങ് നടത്തി. ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സണ്ണിജോസഫ് എം എൽ എ , ഇരിട്ടി നഗരസഭാ ചെയർ പേഴ്‌സൺ കെ.ശ്രീലത,വൈസ്.ചെയർമാൻ പി.പി. ഉസ്മാൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, വൈസ്.പ്രസിഡന്റ് അഡ്വ. വിനോദ്കുമാർ, അഡീഷണൽ എസ് പി ടി.പി. രഞ്ജിത്ത് , ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ്, വ്യാപാരി നേതാവ് അയ്യൂബ് പൊയിലൻ, പഞ്ചായത്ത് അംഗം ഷൈജൻ ജേക്കബ്ബ്, സി പി എം ലോക്കൽ സെക്രട്ടറി സുമേഷ്, ഇരിട്ടി നഗരസഭാ വാർഡ് അംഗം സത്യൻ കൊമ്മേരി എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു വീടുകളുടെ താക്കോൽ ദാനം നടന്നത്.
തന്റെ മകളുടെ കല്യാണത്തിനായി സ്വരുക്കൂട്ടി വെച്ച പണമാണ് സുന്ദരൻ മേസ്ത്രി ജീവ കരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചത്. വീട് കൂടാതെ അഞ്ച് കുടുംബത്തിനും 20000 രൂപ വീതം ഈ വർഷത്തെ ഉപജീവനത്തിനും മേസ്ത്രി നൽകി. ഇവർക്ക് നൽകിയ സ്ഥലത്തിൽ ശേഷിച്ച ഒന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച കൂറ്റൻ കിണറിൽ നിന്നാണ് അഞ്ച് വീട്ടിലേക്കും കുടുവെള്ളം നൽകുന്നത്. പുതിയ വീട്ടിലേക്കാവശ്യമായ കിടക്കയും കട്ടിലും ഉൾപ്പെടെ മറ്റ് എല്ലാ സൗകര്യങ്ങളും മേസ്ത്രിയും കുടുംബവുമാണ് ഒരുക്കിയത്. ഗൃഹപ്രേവേശനത്തിന്റെ ഭാഗമായി മേസ്ത്രിയുടെ സ്വന്തം ചിലവിൽ തന്നെയായിരുന്നു അഞ്ചു വീട്ടുകാക്കും ബന്ധക്കൾക്കും ബന്ധപ്പെട്ടവർക്കുമെല്ലാം ചോറും പായസവും ഒരുക്കിയിരുന്നത് .
إرسال تعليق