Join News @ Iritty Whats App Group

കണ്ണൂര്‍ മേയര്‍ സ്ഥാനം: ഡിസംബറില്‍ ലീഗിന് വിട്ടുകൊടുക്കാന്‍ ധാരണ


കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഡിസംബറോടെ അധികാര കൈമാറ്റം നടന്നേക്കും. കഴിഞ്ഞ ദിവസം പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.

സതീശന്‍ എന്നിവര്‍ നട‌ത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടാമെന്ന തെരഞ്ഞെടുപ്പുകാലത്തെ ധാരണപ്രകാരമാണ് അധികാരക്കൈമാറ്റം. 

ഇതനുസരിച്ച്‌ കോണ്‍ഗ്രസിലെ ടി.ഒ. മോഹനന്‍ മൂന്നു വര്‍ഷത്തെ മേയര്‍ പദവി പൂര്‍ത്തിയാക്കി ഡിസംബറില്‍ സ്ഥാനമൊഴിയും. ഇപ്പോള്‍ ലീഗിന്‍റെ കൗണ്‍സില്‍ പാര്‍ട്ടി ലീഡറായ മുസ്‌ലിഹ് മഠത്തിലായിരിക്കും ലീഗിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയെന്നാണ് സൂചന. 

മേയര്‍ പദവിക്കൊപ്പം ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പരസ്പരം മാറും. ഇപ്പോഴത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായ പി. ഇന്ദിരയ്ക്കാണ് ഡെപ്യൂട്ടി മേയര്‍ സാധ്യത. അതേ സമയം മറ്റു ചില പേരുകളും ഉയരുന്നുണ്ട്. 

നിലവില്‍ ലീഗിന് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് പുറമെ രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനമാണുള്ളത്. പുതിയ സംവിധാനത്തില്‍ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി കൂടി ലീഗിന് ലഭിക്കും. 

തെരഞ്ഞെടുപ്പിനു മുന്പുള്ള ധാരണ പ്രകാരം കഴിഞ്ഞ ജൂണ്‍ വരെയായിരുന്നു കോണ്‍ഗ്രസിന്‍റെ മേയര്‍ കാലാവധി. ഇതു പ്രകാരം കാലാവധി അവസാനിക്കുന്നതിന് മുമ്ബ് തന്നെ രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ മേയര്‍ പദവി വിട്ടു നല്‍കണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മൂന്ന് വര്‍ഷം വേണമെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്‍റേത്. 

ഇത് തര്‍ക്കത്തിലേക്കും ഭരണ പ്രതിസന്ധിയിലേക്കും നീങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന കോര്‍പറേഷന്‍റെ പരിപാടി ബഹിഷ്കരിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത തീരുമാനങ്ങള്‍ ജില്ലാ ലീഗ് നേതൃത്വം കൈക്കൊണ്ടിരുന്നു പിന്നീട് പരിപാടിക്കെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്നെ ലീഗ് നേതൃത്വവുമായി ചര്‍ച്ച ചെയ്തതിനെത്തുടര്‍ന്നാണ് ലീഗ് ബഹിഷ്കരണം ഒഴിവാക്കിയത്.

Post a Comment

أحدث أقدم
Join Our Whats App Group