തിരുവനന്തപുരം > സംസ്ഥാനത്ത് അഴിമതിയും കൈക്കൂലിയും പൂർണമായും ഇല്ലാതാക്കാനുള്ള കർശന നടപടികളുമായി സർക്കാരും വിജിലൻസ് വിഭാഗവും. വിവിധ വകുപ്പുകളിൽ അഴിമതി നടത്തിയവർക്കെതിരെ കഴിഞ്ഞ രണ്ടുവർഷത്തിനിടെ 114 കേസുകളാണെടുത്തത്. വിവിധ കേസുകളിലായി 118 സർക്കാർ ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അഴിമതി നിരോധന നിയമം കർശനമാക്കിയാണ് വിജിലൻസ് അഴിമതിക്കാരെ നേരിടുന്നത്. പൊതുജനങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രാഥമികാന്വേഷണവും മിന്നൽ പരിശോധനയും ട്രാപ്പുകളും നടത്തിയാണ് കേസുകളിലേക്ക് കടക്കുന്നത്. ആവശ്യമെന്ന് കണ്ടെത്തുന്നവയിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്.
സംസ്ഥാനത്തെ മിക്ക വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഫണ്ടുകൾ തിരിമറി നടത്തുന്നതുമായി ബന്ധപ്പെട്ട ആക്ഷേപമുയർന്നാൽ ആഭ്യന്തര വിജിലൻസ് പ്രാഥമികാന്വേഷണം നടത്തും. ആരോപണം ശരിയെന്ന് തെളിഞ്ഞാൽ വിജിലൻസ് ആന്റ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് നൽകുകയുമാണ് ചെയ്യുന്നത്.
റവന്യൂ വകുപ്പിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 33 എണ്ണം. തദ്ദേശ സ്ഥാപനങ്ങളിൽ ഇരുപത്തിയാറും ആരോഗ്യ വകുപ്പിൽ ഒമ്പതും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ്, രജിസ്ട്രേഷൻ വകുപ്പുകളിൽ ആറ് വീതം കേസുണ്ട്. അഴിമതി രഹിത കേരളത്തിലേക്ക് നടന്നടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിജിലൻസ് വിഭാഗം ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.
അഴിമതിക്കാരെ കുരുക്കാനായി സോഴ്സുകൾ വിപുലപ്പെടുത്തിയെന്നും ഇത് ഏറെ പ്രയോജനകരമായിട്ടുണ്ടെന്നും വിജിലൻസ് മേധാവി ടി കെ വിനോദ്കുമാർ പറഞ്ഞു. പരിശോധനകൾ വർധിപ്പിച്ചതോടെ അഴിമതിക്കാരെ വെളിച്ചത്ത് കൊണ്ടുവരാൻ കഴിയുന്നുണ്ട്. അഴിമതിയോ കൈക്കൂലിയോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 1064 എന്ന നമ്പറിൽ വിളിച്ചറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
إرسال تعليق