Join News @ Iritty Whats App Group

പള്ളിയിൽ നിന്ന് പ്രാർത്ഥനയോടെ തുടക്കം; പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് ചാണ്ടി ഉമ്മൻ


കോട്ടയം: പുതുപ്പള്ളിയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയും ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മൻ. ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കൊപ്പം രാഷ്ട്രീയവും ചർച്ചയാവുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇത്ര വേഗത്തിൽ തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്റെ മരണം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞെടുപ്പിന് ഇറങ്ങേണ്ടി വരുന്നതിൽ മാനസിക ബുദ്ധിമുട്ടുണ്ട്. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം എന്ന നിലയിൽ സ്ഥാനാർഥിത്വം ഏറ്റെടുക്കുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയാവാൻ തനിക്ക് കഴിയില്ല. ഉമ്മൻചാണ്ടിയുടെ പിൻഗാമിയാവുക വെല്ലുവിളിയാണ്. അതൊരു സമ്മർദ്ദമാണ്. സൂര്യനായിരുന്നു ഉമ്മൻചാണ്ടി. സൂര്യന്റെ പ്രഭയിൽ നിൽക്കുന്ന ചന്ദ്രൻ മാത്രമാണ് താൻ. താൻ പിൻഗാമിയാകണമെന്ന് പിതാവിന് ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. ഉമ്മൻചാണ്ടിക്കെതിരായ സി പി എം വിമർശനങ്ങൾക്ക് മറുപടി പറയാനില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷം ഇന്ന് പുതുപ്പള്ളി പള്ളിയിലെത്തി ചാണ്ടി ഉമ്മൻ പ്രാർത്ഥിച്ചു. ആളുകളെ നേരിട്ട് കണ്ട് പ്രചാരണം നടത്താനാണ് ചാണ്ടി ഉമ്മന്റെ നീക്കം. അതേസമയം, കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചെങ്കിലും സിപിഎം സ്ഥാനാർത്ഥിയെ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല. സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം, മത്സരരം​ഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോ​ഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു‍. കോണ്‍ഗ്രസ് പാര്‍ട്ടി 53 വര്‍ഷം പ്രതിനിധീകരിച്ച മണ്ഡലമാണ് പുതുപ്പള്ളി. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم
Join Our Whats App Group