Join News @ Iritty Whats App Group

ഒരു മാസത്തിനിടെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് സംസ്ഥാനത്തെ 19 എം.എല്‍.എമാരും 10 എം.പിമാരും


തിരുവനന്തപുരം: സംസ്ഥാനത്തെ 19 എം.എല്‍.എമാരും 10 എം.പിമാരും ഉള്‍പ്പെടെ നിരവധി വി.ഐ.പികള്‍ ഒരു മാസത്തിനിടെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയെന്നു ഗതാഗതമന്ത്രി ആന്റണി രാജു.

അമിത വേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരേ കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം മോട്ടാര്‍ വാഹനവകുപ്പ് ചലാന്‍ അയച്ചിട്ടുമുണ്ട്.

ഇതില്‍ ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ. ഏഴു വട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. എന്നാല്‍, ക്യാമറയില്‍ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല.

എ.ഐ. ക്യാമറകളുടെ അവലോകനയോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ രണ്ടു വരെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 32,42,277 നിയമലംഘനങ്ങളാണ്. ഇതില്‍ 15,83,367 എണ്ണം പരിശോധിച്ചു. 3,82,580 പേര്‍ക്ക് ഇ-ചലാന്‍ ജനറേറ്റ് ചെയ്തിട്ടുണ്ട്.

നിയമലംഘനത്തിന് ചലാന്‍ അയച്ചത് 3,23,604 പേര്‍ക്കാണ്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഏകദേശം 25 കോടി രൂപയുടെ പിഴയാണ് ഇതിനകം ചുമത്തിയത്. ഇതില്‍ ചലാന്‍ അയച്ചതും പിഴ അടച്ചതും 3.3 കോടി മാത്രമാണ്. ചലാന്‍ അയച്ചതിനു ശേഷവും ചിലര്‍ പിഴ അടയ്ക്കാന്‍ െവെകുന്നുണ്ട്.

ഇതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പിഴ അടയ്ക്കാത്തപക്ഷം തൊട്ടടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കാന്‍ സാധിക്കാതെ വരുംവിധത്തിലുള്ള സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എ.ഐ. ക്യാമറകള്‍ വന്നതിനു ശേഷം വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞെന്നും നിയമലംഘനം നടത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

2022 ജൂെലെയില്‍ അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 3992 ആയിരുന്നു. എന്നാല്‍ 2023 ജൂെലെയില്‍ ഇത് 3316 ആയി കുറഞ്ഞു. വി.ഐ.പി. വാഹനങ്ങളെ പിഴയില്‍ നിന്നും ഒഴിവാക്കുന്നുവെന്ന ആരോപണം മന്ത്രി തള്ളി. വി.ഐ.പി. വാഹനങ്ങള്‍ ഒന്നിലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്. എം.എല്‍.എമാരുടേയും എം.പിമാരുടെയും വാഹനങ്ങളടക്കം 328 സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണു പിഴയിട്ടതെന്നും മന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group