തലശേരി: പാനൂരിനടുത്ത ചെറുപറമ്പ് ഫീനിക്സ് ലൈബ്രറിക്ക് സമീപം താഴോട്ടുംതാഴെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രയരോത്ത് മുസ്തഫയുടെയും മൈമൂനത്തിന്റെയും മകൻ സിനാനെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കി.
രാവിലെ മുതൽ തന്നെ തെരച്ചിൽ പുനഃരാരംഭിച്ചു. ഇന്നലെ രാത്രി 12 വരെ തെരച്ചിൽ നടത്തിയിരുന്നു. നാട്ടുകാരും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
നാട്ടുകാർ രക്ഷപ്പെടുത്തി ഒരാളെ ഉടൻ പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിക്കണ്ടി എൻഎഎം കോളജ് കംപ്യൂട്ടർ സയൻസ് ബിരുദ വിദ്യാർഥി മുഹമ്മദ് ഷഫാദാണ് (20) മരിച്ചത്.
ജാതിക്കൂട്ടത്തെ തട്ടാന്റവിട മൂസ-സമീറ ദമ്പതികളുടെ മകനാണ്. മൃതദേഹം തലശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം സംസ്കരിക്കും. എൻഎഎം കോളജ് എംഎസ്എഫ് മീഡിയാ വിംഗ് കൺവീനറാണ് ഷഫാദ്.
إرسال تعليق