Join News @ Iritty Whats App Group

ഉമ്മന്‍ ചാണ്ടി അന്തരിച്ചു; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത നേതാവ്



ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. അസുഖ ബാധിതനായി ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയാണ് അന്ത്യം. മകന്‍ ചാണ്ടി ഉമ്മന്‍ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. കേരള രാഷ്ട്രീയത്തില്‍ പകരംവെക്കാനില്ലാത്ത നേതാവാണ് വിട പറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങി സുപ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിലെ സുപ്രധാന പദവികളും അലങ്കരിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യനായ ഉമ്മന്‍ ചാണ്ടിയെ പോലെയുള്ള നേതാക്കല്‍ കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമാണ്. അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.


ക്യാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന ഉമ്മന്‍ ചാണ്ടി ബെംഗളൂരു ചിന്മയ ആശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായി തുടരുകയായിരുന്നു. ജനങ്ങളുമായി വളരെ അടുത്തിടപഴകുന്ന നേതാവായിട്ടാണ് ഉമ്മന്‍ ചാണ്ടിയെ കേരള രാഷ്ട്രീയം കണ്ടിട്ടുള്ളത്.

സമീപ കാലം വരെ കേരള രാഷ്ട്രീയത്തിലെ ഓരോ കാര്യങ്ങളിലും അദ്ദേഹം ഇടപെടുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ആരോഗ്യാവസ്ഥ മോശമാകുന്ന ഘട്ടങ്ങളില്‍ കേരളത്തിന് പുറത്തും വിദേശത്തും ചികില്‍സാവശ്യാര്‍ഥം പോയിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ചിരിച്ച മുഖവുമായി ജനങ്ങള്‍ക്ക് മുമ്പിലെത്തുന്ന നേതാവാണ് അദ്ദേഹം.

കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ കൊടുങ്കാറ്റുകള്‍ക്കിടയിലും ചിരിച്ചുകൊണ്ട് നിന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹം തുടക്കമിട്ട ജനസമ്പര്‍ക്ക പരിപാടി ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേട്ട് പരിഹാരം കാണുന്ന പരിപാടിയായിരുന്നു അത്. ആരോഗ്യം പോലും അവഗണിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന അദ്ദേഹത്തിന്റെ രീതി അനുയായികള്‍ പലപ്പോഴും എടുത്തുപറഞ്ഞിരുന്നു.

കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തയാണിതെന്ന് പിസി വിഷ്ണുനാഥ് പ്രതികരിച്ചു. അദ്ദേഹമില്ലാത്ത രാഷ്ട്രീയത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമില്ല. വല്ലാത്തൊരു ശൂന്യതയാണിപ്പോള്‍. ചികില്‍സയ്ക്ക് പോകുന്ന വേളയിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം കൂടെയുണ്ടായിരുന്നു. പെട്ടെന്ന് പോയി എന്ന് പറയുമ്പോള്‍ ചിന്തിക്കാന്‍ കഴിയുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.

പതിറ്റാണ്ടുകളായിട്ടുള്ള ആത്മ ബന്ധമാണ് ഉമ്മന്‍ ചാണ്ടിയുമായുള്ളതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. എത്രയോ അനുഭവങ്ങള്‍ പറയാനുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി. അതിനപ്പുറം ജനഹൃദയങ്ങള്‍ കീഴടക്കിയെ നേതാവായി. എല്ലാവര്‍ക്കും സാന്ത്വനം നല്‍കുന്ന നേതാവായിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group