ഉന്നതബിരുദം നേടുന്നതിനായി യുഎസിലെത്തിയ ഇന്ത്യൻ വിദ്യാർത്ഥിനിയെ (Indian student) വിശന്നുവലഞ്ഞ് തെരുവിലൂടെ അലയുന്ന നിലയിൽ കണ്ടെത്തി. ചിക്കാഗോ നഗരത്തിലെ തെരുവിലാണ് ദാരുണമായ അവസ്ഥയില്‍ ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ കണ്ടെത്തിയത്. മിഷിഗണിലെ ഡെട്രോയിറ്റില്‍ സ്ഥിതി ചെയ്യുന്ന ട്രൈന്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് വിദ്യാര്‍ഥിയാണ് സയേദ ലുലു മിന്‍ഹജ് സെയ്ദി എന്ന 37കാരി. വിഷാദരോഗമാണ് യുവതിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മകളെ ഇന്ത്യയിലേക്ക് എത്രയും വേഗം തിരികെയെത്തിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സയേദയുടെ അമ്മ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്ത് നല്‍കിയിട്ടുണ്ട്.
2021 ഓഗസ്റ്റിലാണ് സയേദ തന്റെ സ്വപ്‌നങ്ങളുമായി യുഎസിലേക്ക് പറന്നത്. എന്നാല്‍, രണ്ട് മാസം മുമ്പ് ഹൈദരാബാദിലുള്ള കുടുംബത്തിന് സയേദയുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഹൈദരാബാദില്‍ നിന്നുള്ള രണ്ട് സന്നദ്ധ പ്രവര്‍ത്തകരാണ് സയേദയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് കുടുംബാംഗങ്ങളെ ധരിപ്പിച്ചത്. തുടര്‍ന്ന് സയേദയുടെ അമ്മ വിദേശകാര്യമന്ത്രിക്ക് കത്തെഴുതുകയായിരുന്നു. തന്റെ മകള്‍ കടുത്ത വിഷാദരോഗത്തോട് മല്ലിടുകയാണെന്നും അവളുടെ സാധനസാമഗ്രഹികളെല്ലാം മോഷ്ടിക്കപ്പെട്ടുവെന്നും അത് അവളെ പട്ടിണിയുടെ വക്കിലെത്തിച്ചുവെന്നും മന്ത്രിക്കെഴുതിയ കത്തില്‍ അമ്മ പറഞ്ഞു. ഈ അവസ്ഥ കാരണമാണ് തന്റെ മകൾ ചിക്കാഗോ നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
Syeda Lulu Minhaj Zaidi from Hyd went to persue MS from TRINE University, Detroit was found in a very bad condition in Chicago, her mother appealed @DrSJaishankar to bring back her daughter.@HelplinePBSK @IndiainChicago @IndianEmbassyUS @sushilrTOI @meaMADAD pic.twitter.com/GIhJGaBA7a
— Amjed Ullah Khan MBT (@amjedmbt) July 25, 2023
സയേദയുടെ അമ്മ കേന്ദ്രമന്ത്രിക്കെഴുതിയ കത്തും സയേദയുടെ വീഡിയയോയും മജ്‌ലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) നേതാവ് അംജെദുള്ള ഖാന്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
സയേദയ്ക്ക് ഉടൻ ഭക്ഷണം ലഭ്യമാക്കാമെന്ന് അവരോട് ഒരാള്‍ പറയുന്നത് വീഡിയോയില്‍ കാണാം. മെച്ചപ്പെട്ട ചികിത്സയും കുടുംബാംഗങ്ങളുടെ പിന്തുണയും ഉറപ്പാക്കുന്നതിന് ഇന്ത്യയിലേക്ക് തിരിച്ച് പോരാന്‍ അവരോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.
കടുത്ത പട്ടിണി നേരിടുന്ന ഒരു സ്ത്രീ തന്റെ അവസ്ഥ വിവരിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ കണ്ട് വലിയ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. സയേദയെ ചെറുപ്പം മുതല്‍ തനിക്ക് അറിയാമെന്നും അവര്‍ വളരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നുവെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. അവരെ ഹൈദരാബാദിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും ഫഹദ് മാക്വസി എന്നയാള്‍ ആവശ്യപ്പെട്ടു.
യുവതിയുടെ അതിദാരുണമായ അവസ്ഥ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് ഖലീഖ്വര്‍ റഹ്‌മാന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടാന്‍ അദ്ദേഹം കേന്ദ്രവിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
إرسال تعليق