തിരുവനന്തപുരം: എംവി ഗോവിന്ദനെതിരെ മാനനഷ്ടക്കേസുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പോക്സോ കേസിൽ തനിക്കെതിരായ പരാമർശത്തിലാണ് നിയമ നടപടി. എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തിയാണ് മാനനഷ്ടകേസ് നൽകിയത്. എംവി ഗോവിന്ദൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ട കേസ് സമർപ്പിച്ചിരിക്കുന്നത്. മോൻസൻ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. താൻ പീഡിപ്പിക്കപ്പെടുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഒരു പത്രത്തിൽ വാർത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ സുധാകരനെതിരെ എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്.
إرسال تعليق