അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ:
⏺ പുതിയ പി എസ് സി അംഗങ്ങള്‍.
കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ അംഗങ്ങളായി ഡോ. ജോസ് .ജി. ഡിക്രൂസ്, അഡ്വ. എച്ച് ജോഷ് എന്നിവരെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണ് നിയമനം. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ അഡീഷണല്‍ ഡയറക്ടര്‍ (വിജിലന്‍സ്) ആണ് ഡോ.ജോസ്.ജി.ഡിക്രൂസ്. തിരുവനന്തപുരം തിരുമല സ്വദേശിയാണ് അഡ്വ.എച്ച് ജോഷ്.
⏺ ഡോ. വി.പി. ജോയ് പബ്ലിക് എന്റർപ്രൈസസ് ബോർഡ് ചെയർപേഴ്‌സൺ.
മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡിന്റെ ചെയർപേഴ്‌സനായി നിയമിക്കാൻ തീരുമാനിച്ചു.
⏺ ശമ്പള പരിഷ്‌കരണം
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.റ്റി) യിലെ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 01.07.2019 മുതൽ പ്രാബല്യത്തോടെ പരിഷ്‌ക്കരിക്കും. കേരള സംഗീത നാടക അക്കാദമിയിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവൻസുകൾ എന്നിവ 10.02.2021 ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്കു വിധേയമായി പരിഷ്‌ക്കരിക്കും.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ സ്ഥിരം ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.
കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി പത്താമത്തെയും പതിനൊന്നാമത്തെയും ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങൾ അനുവദിക്കും.
തെൻമല ഇക്കോ ടൂറിസം പ്രൊമോഷൻ സൊസൈറ്റി ജീവനക്കാർക്ക് 10.02.2021 ൽ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ കേരള ഫീഡ്‌സ് ലിമിറ്റഡ്, കേരള കന്നുകാലി വികസന ബോർഡ് ലിമിറ്റഡ്, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ്, കേരള പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021-22 വർഷത്തെ ബോണസ്, ഉത്സവബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നൽകിയത് സാധൂകരിച്ചു.
⏺ നിയമനം.
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയിൽ ഇളവ് നൽകി വീണ്ടും ഡയറക്ടറായി നിയമിക്കാൻ തീരുമാനിച്ചു. മലയാളം മിഷൻ ഡയറക്ടറായി മുരുകൻ കാട്ടാക്കടയ്ക്ക് പുനർനിയമനം നൽകി.
⏺ ഇന്ത്യൻ പാർട്ണർഷിപ്പ് ആക്റ്റ് ( കേരള ഭേദഗതി ) കരട് ബില്ലിന് അംഗീകാരം.
1932 ലെ ഇന്ത്യൻ പാർട്ണർഷിപ്പ് ആക്റ്റ് ( കേരള ഭേദഗതി ) കരട് ബിൽ 2023 ന് അംഗീകാരം നൽകാൻ തീരുമാനിച്ചു. പാര്‍ട്ണഷിപ്പ് ആക്ടുമായി ബന്ധപ്പെട്ട ഫീസ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് 1932ലെ ഇന്ത്യന്‍ പാര്‍ട്ണഷിപ്പ് ആക്ട് (കേരള ഭേദഗതി)യുടെ ഒന്നാം ഷെഡ്യൂള്‍ ഭേദഗതി ചെയ്ത് ഇന്ത്യന്‍ പാര്‍ട്ണഷിപ്പ് ആക്ട് (കേരള ഭേദഗതി) ബില്‍ 2023 പ്രാബല്യത്തില്‍ വരുത്തുന്നത് സംബന്ധിച്ചാണ് കരട് ബില്‍.
⏺ കേരള നികുതി ചുമത്തൽ നിയമങ്ങൾ (ഭേദഗതി ) ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കും.
2023 ലെ കേരള നികുതി ചുമത്തൽ നിയമങ്ങൾ ( ഭേദഗതി )ഓര്‍ഡിനന്‍സിന്‍റെ കരട് അംഗീകരിക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
2023 കേന്ദ്ര ധനകാര്യ നിയമം മുഖേന കേന്ദ്ര ചരക്ക് സേവന നികുതി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ 2017ലെ കേരള സംസ്ഥാന ചരക്കു സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനും ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യൂണല്‍ സ്ഥാപിക്കുന്നതിനുള്ള നിയമ നിര്‍മ്മാണമാണ് നടത്തുക.
⏺ തസ്തിക.
നിയമ വകുപ്പിൽ ഒരു സെക്ഷൻ ഓഫീസർ തസ്തിക സൃഷ്ടിച്ച് കൂടുതൽ കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന ഭൂജല വകുപ്പിലേക്ക് വർക്കിംഗ് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തിൽ നിയോഗിക്കും.
⏺ റദ്ദാക്കും.
കോഴിക്കോട് ചേവായൂർ വില്ലേജിൽ ത്വക്ക് രോഗാശുപത്രിയുടെ കോമ്പൗണ്ടിലുള്ളതും ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ളതുമായ ഭൂമിയിൽ നിന്ന് 5 ഏക്കർ ഭൂമി നാഷണൽ ഗെയിംസ് ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് കായിക വകുപ്പിന് കൈമാറി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കും. ഇന്റർനാഷണൽ ഓർഗൻ ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് സ്ഥലം ഉപയോഗിക്കുന്നതിനാണിത്.
إرسال تعليق