തിരുവനന്തപുരം: മകളുടെ വിവാഹത്തിൻറെ തലേന്ന് അച്ഛനെ അടിച്ചുകൊന്ന സംഭവത്തിൽ പ്രതി ജിഷ്ണു നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തൽ. യുവതിയുടെ സഹോദരൻ ശ്രീഹരിയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. തങ്ങളെ വകവരുത്തുമെന്ന് ജിഷ്ണു നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി ശ്രീഹരി പറയുന്നു. ഇക്കാര്യം പൊലീസിന്‍റെ കസ്റ്റഡി റിപ്പോർട്ടിലുണ്ട്.
അതേസമയം പ്രതികൾക്ക് വേണ്ടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ജിഷ്ണു സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ മനു ശ്യാം എന്നിവരാണ് പ്രതികൾ. കൊല നടത്തിയ ജിജിനാണ് കേസിൽ ഒന്നാംപ്രതി. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം ചെയ്തു നൽകണമെന്ന വിഷ്ണുവിൻറെ ആവശ്യം നിരാകരിച്ചതിലുള്ള വൈരാഗ്യമാണ് ഗൃഹനാഥനെ കൊലപ്പെടുത്താൻ കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.
നിഷ്ഠൂരമായ കൊലപാതകമാണ് വർക്കലയിൽ നടന്നത്. വിവാഹത്തിന് തലേന്ന് റിസപ്ഷൻ കഴിഞ്ഞശേഷം രാത്രി 12 മണിയോടെ പരിസരം വൃത്തിയാക്കുന്നതിനിടയാണ് അക്രമിസംഘം രാജുവിന്റെ വീട്ടിലേക്ക് എത്തിയത്. രാജുവുമായി ഇവർ വാക്കേറ്റത്തിൽ ഏർപ്പെട്ടു. ബഹളം കേട്ട് പുറത്തേക്ക് വന്ന രാജുവിന്റെ ഭാര്യയെയും മകളെയും മർദ്ദിച്ചു. മകൾ ശ്രീലക്ഷ്മിയുടെ കരുണത്തടിക്കുകയായിരുന്നു. ജിഷ്ണു ആണ് മർദ്ദിച്ചത്. ഇതിനിടെ ജിഷ്ണുവിന്റെ സഹോദരനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ജിജിൻ മൺവെട്ടിക്കൊണ്ട് രാജുവിന്റെ തലയ്ക്ക് അടിച്ചു. തൽക്ഷണം മരണം സംഭവിച്ചു.
പിടിച്ചുമാറ്റാൻ വന്ന രാജുവിന്റെ മറ്റു ബന്ധുക്കളെയും സംഘം ആക്രമിച്ചു. രാജുവിന്റെ സഹോദരി ഭർത്താവിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റു. അക്രമി സംഘത്തിൻറെ ഭീഷണി നേരത്തെ തന്നെ ഉണ്ടായിരുന്നു എന്നാണ് രാജുവിന്റെ മകൻ വെളിപ്പെടുത്തുന്നത്. തെളിവെടുപ്പും പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലും ആണ് പോലീസിന് മുന്നിലുള്ള പ്രധാന നടപടികൾ. ഏഴു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. മന്ത്രിമാരായ വി ശിവൻകുട്ടി, വീണ ജോർജ് എന്നിവർ കൊല്ലപ്പെട്ട ആളുടെ വീട് സന്ദർശിച്ചിരുന്നു. വിവാഹത്തിനായി 10 ലക്ഷം രൂപയുടെ വായ്പ കുടുംബം എടുത്തിരുന്നു. സാമ്പത്തികമായി കൂടി പ്രതിസന്ധിയിലായ നിലയിലാണ് കുടുംബം.
إرسال تعليق