തിരുവനന്തപുരം: കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്ന സംഘം തിരുവനന്തപുരം ചിറയിൻകീഴിൽ പിടിയിൽ. തമിഴ്നാട് സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരാണ് പിടിയിലായത്. തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ നിന്ന് തട്ടിക്കൊണ്ടുവന്ന കൈക്കുഞ്ഞുമായി ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ചിറയിൻകീഴ് പോലീസ് ഇവരെ പിടികൂടിയത്. തുടർന്ന് കുട്ടിയെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി.
തമിഴ്നാട് വടശ്ശേരി ബസ്റ്റാൻഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ നാലു മാസം പ്രായമായ കുഞ്ഞിനെയാണ് കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തട്ടിയെടുത്തത്. സംഭവത്തിൽ തമിഴ്നാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് പ്രതികൾ ഏറനാട് ട്രെയിനിൽ കയറിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. ഇത് കേരള പോലീസിനെ അറിയിക്കുകയും ഒപ്പം പ്രതികളുടെ ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസും അന്വേഷണം നടത്തിയത്.
തുടര്‍ന്ന് റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടയിൽ ചിറയിൻകീഴ് റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു കൈക്കുഞ്ഞുമായി രണ്ടുപേർ ഇരിക്കുന്നത് ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ പോലീസുകാരന്റെ ശ്രദ്ധയിൽപ്പെടുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തിരിച്ചറിയുകയുമായിരുന്നു. തമിഴ്നാട് സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. തമിഴ്നാട്ടിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ കേരള പോലീസ് ഉണർന്നു പ്രവർത്തിച്ചതിനെ തുടർന്ന് കണ്ടെത്താനായത്. കുട്ടിയെയും പ്രതികളെയും തമിഴ്നാട് പോലീസിന് കൈമാറി
إرسال تعليق