Join News @ Iritty Whats App Group

അമ്മയും മകളും പുഴയിൽ ചാടി മരിച്ച സംഭവം; ഗർഭം അലസിപ്പിക്കാൻ ഭർതൃവീട്ടുകാർ നിർബന്ധിച്ചെന്ന് യുവതിയുടെ കുടുംബം

വയനാട്: വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കുടുംബത്തിന്‍റെ ആരോപണം. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചു. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദർശനയുടെ ബന്ധുക്കൾ പറഞ്ഞു.

സർക്കാർ ജോലിയെന്ന മോഹം വീട്ടുവരാന്തയിലെത്തിയപ്പോൾ ദർശനയുടെ ജീവന്‍റെ തുടിപ്പറ്റുപോയിരുന്നു. എല്ലാത്തിലുമുപരി സ്നേഹിച്ച മകളെയും കൂട്ടി വിഷം കഴിച്ച് പുഴയിൽ ചാടാൻ ദർശനയെ പ്രേരിപ്പിച്ചത് ഭർതൃവീട്ടുകാരുടെ പീഡനമാണെന്നാണ് ദർശനയുടെ അമ്മ വിശാലാക്ഷി ആരോപിക്കുന്നത്. മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 13 നാണ് ദര്‍ശന വിഷം കഴിച്ച ശേഷം അഞ്ച് വയസുകാരി മകൾക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ദര്‍ശന പിറ്റേന്ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാൾ പുഴയില്‍ നിന്നും കണ്ടെടുത്തു. 

ഭര്‍ത്താവ് വെണ്ണിയോട് സ്വദേശി ഓംപ്രകാശും പിതാവ് ഋഷഭരാജനും ദര്‍ശനയെ മര്‍ദ്ദിച്ചിരുന്നതായി ദർശനയുടെ സഹോദരി ആരോപിച്ചു. സ്വന്തം മകളുടെ ഭാവിയെ കരുതിയാണ് ദർശന തിരികെ ഭർതൃവീട്ടിലേക്ക് പോയതെന്ന് അച്ഛനും അമ്മയും വ്യക്തമാക്കി. മാനസിക പീഡനത്തിന് തെളിവായ ഭര്‍തൃപിതാവിന്റെ ഓഡിയോ റെക്കോഡും കുടുംബം പരസ്യപ്പെടുത്തി. ദര്‍ശനയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടു കുടുംബം ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group