തിരുവനന്തപുരം: സൂപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചതിനെ തുടർന്ന് അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ബെംഗളുരുവിൽ നിന്നും രാവിലെ 9 മണിക്ക് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തും. ഇവിടെ നിന്നും കൊല്ലം അൻവാർശേരിയിലേക്ക് റോഡ് മാർഗമാകും യാത്ര. മദനിയുടെ കുടുംബവും ഒപ്പമുണ്ടാകും.
ജുലൈ 17 നാണ് മദനിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. 15 ദിവസത്തിലൊരിക്കൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. കൊല്ലം ജില്ലയിലായിരിക്കണം മദനി കഴിയേണ്ടത്. എന്നാൽ, ചികിത്സയുടെ ആവശ്യത്തിന് ജില്ല വിട്ട് പുറത്തു പോകാം. ഈ സാഹചര്യത്തിൽ പൊലീസിനെ വിവരം അറിയിക്കണം. വിചാരണകോടതി ആവശ്യപ്പെട്ടാൽ തിരികെ ബെംഗളൂരുവിൽ എത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്.
അൻവാർശേരിയിലെ വീട്ടിൽ അസുഖ ബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ കഴിഞ്ഞ ശേഷം മദനിയുടെ ചികിത്സ ആരംഭിക്കുമെന്നാണ് സൂചന. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരുമെന്നാണ് മദനി കോടതിയെ അറിയിച്ചിരിക്കുന്നത്.
കൊല്ലത്ത് പിതാവിനെ സന്ദർശിക്കാനായി കഴിഞ്ഞ മാസം 26ന് മദനി കേരളത്തിൽ എത്തിയിരുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കിടപ്പിലായ പിതാവിനെ കാണാൻ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകിയത്. എന്നാൽ, കേരളത്തിൽ എത്തിയ മഅദനിക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം കൊച്ചിയിൽനിന്ന് കൊല്ലത്തെ വീട്ടിൽ എത്താനായില്ല. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പിതാവിനും യാത്ര ചെയ്യാനാകാതെ വന്നതോടെയാണ് ഇരുവരും കാത്തിരുന്ന കൂടിക്കാഴ്ച നടക്കാതെ പോയി.
إرسال تعليق