കണ്ണൂർ: ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമാണ്. ഷംസീറിന് ജോസഫ് മാഷിന്‍റെ അനുഭവം ഉണ്ടാകുമെന്ന് യുവമോർച്ച ജനറൽ സെക്രട്ടറി കെ ഗണേഷ് കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നു ആരോപിച്ചുള്ള പ്രതിഷേധ പരിപാടിയിൽ ആയിരുന്നു പരാമർശം. ഇതിനെതിരെയാണ് ജയരാജന്റെ പ്രതികരണം.
ജൂലൈ 21ന് കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീര്‍ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വകാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിനു താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്സ് എന്നാണ്.
എന്നാൽ, ആദ്യ വിമാനം പുഷ്പക വിമാനമാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടക്കുന്നതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.
ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചുവെന്നാണ് ആരോപിച്ച് ഷംസീറിനെതിരെ സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാനായിരുന്നു വിശ്വഹിന്ദു പരിഷത്ത് തീരുമാനം. പല സ്റ്റേഷനുകളിലും ഇതിനകം പരാതികള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, ഷംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവർണർക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനവും നൽകും. ഷംസീറിനെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബിജെപിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആർ എസ് രാജീവ് ആണ് കമ്മിഷണർക്ക് പരാതി നൽകിയത്. ഗണപതി എന്ന ഹൈന്ദവ ആരാധനാമൂർത്തി കേവലം മിത്തു മാത്രമാണെന്ന് ഷംസീർ പ്രസംഗിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. യുക്തിചിന്ത വളർത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കര്‍ ചെയ്യുന്നതെന്നും ബിജെപി നേതാവിന്‍റെ പരാതിയിൽ ആരോപിക്കുന്നുണ്ട്.
إرسال تعليق