തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിച്ചാൽ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടി വരിക വാഹന ഉടമയാണെന്നാണ് നിയമം. അതുകൊണ്ടു തന്നെ ലൈസൻസില്ലാത്ത പ്രായപൂർത്തയാകാത്ത കുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നത് വലിയ പണിയാകും വിളിച്ചുവരുത്തുക. അപകട സാധ്യതയോടെപ്പം അതിന്റെ നിയമപരമായ നടപടികളും ഉടമ നേരിടേണ്ടി വരും. ഇക്കാര്യത്തിൽ കണ്ണ് തുറപ്പിക്കുന്ന രണ്ട് കേസുകളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തത്.
പ്രായപൂർത്തിയാവാത്ത കുട്ടികൾ വണ്ടിയോടിച്ച് പിടിയിലായപ്പോൾ പണി കിട്ടിയതിൽ ഒന്ന് സഹോദരനായിരുന്നു. കോടതിയുടെ വിധിയിൽ സഹോദരന് 35000 രൂപ പിഴയും തടവുമായിരുന്നു ശിക്ഷ. പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്കും പിഴ ശിക്ഷ ലഭിച്ചിരുന്നു. കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് മാത്രം ലഭിച്ചത്. 25000 രൂപയാണ് പിഴ. ഇത് അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധി വ്യക്തമാക്കിയിരുന്നു.
ഈ വർഷം ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ തലയിൽ മാത്രമാണ് ഹെൽമറ്റ് ഉണ്ടായിരുന്നത്. മറ്റുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ അമിത വേഗത്തിലാണ് സ്കൂട്ടർ ഓടിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി മഞ്ജിത്തിന്റേതാണ് വിധി. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയായിരുന്നു ശിക്ഷ വിധിച്ചത്.
ഇപ്പോഴിതാ ഈ കേസുകൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണ വീഡിയോ പങ്കുവച്ചിരിക്കുകയാണ് എംവിഡി. ഉടമകൾക്ക് ശിക്ഷ ലഭിക്കുന്നതോടൊപ്പം കുട്ടിക്ക് 25 വയസുവരെ ലൈസൻസ് എടുക്കാൻ അയോഗ്യതയുണ്ടാകുമെന്നും വീഡിയോ ഓർമിപ്പിക്കുന്നു. കുട്ടി ഡ്രൈവർമാർ എത്ര നന്നായി വാഹനം ഓടിക്കുന്നു എന്നു പറഞ്ഞാലും, പിടിക്കപ്പെട്ടാൽ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് വാഹന ഉടമകൾക്ക് രക്ഷപ്പെടാനാകില്ലെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു.
إرسال تعليق