Join News @ Iritty Whats App Group

പ്രധാനമന്ത്രി പദവിയില്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല; നയം വ്യക്തമാക്കി ഖാര്‍ഗെ; പരിഹസിച്ച് മോദി



അഴിമതിക്കാരുടെ കൂട്ടായ്മ ആണെന്നും ഓരോരുത്തരുടെയും അഴിമതികള്‍ പുറത്തുവരുമ്പോള്‍ പരസ്പരം മൂടിവയ്ക്കാനാണ് ഈ കൂട്ടായ്മയെന്നുമാണ് മോദിയുടെ പരിഹാസം.


ബംഗലൂരു: പ്രതിപക്ഷ കക്ഷികളുടെ യോഗം ബംഗലൂരുവില്‍ ചേരുന്നു. അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി പദവി കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും അതില്‍ താല്‍പര്യമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ യോഗത്തില്‍ വ്യക്തമാക്കി. നമ്മള്‍ 26 കക്ഷികളാണ്. 11 സംസ്ഥാനങ്ങളില്‍ അധികാരവുമുണ്ട്. എന്നാല്‍ ബിജെപിയാകട്ടെ സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുതല്‍ നേതാക്കള്‍ വരെ സംസ്ഥാനങ്ങള്‍ തോറും ഓടി നടക്കുകയാണ്. ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടാനാവില്ല. സഖ്യകക്ഷികളുടെ വോട്ട് നേടിയ ശേഷം അവരെ തള്ളിക്കയുകയാണ് പതിവെന്നും ഖാര്‍ഗെ വിമര്‍ശിച്ചു.

യുപിഎ അധ്യക്ഷയായ സോണിയ ഗാന്ധിയെ തന്നെ പ്രതിപക്ഷ സഖ്യത്തിന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കുമെന്നാണ് സൂചന. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരിക്കും കണ്‍വീനര്‍. സോണിയ ഗാന്ധി, മല്ലികാര്‍ജുന ഖാര്‍ഗെ, രാഹുല്‍ഗാന്ധി, നിതീഷ് കുമാര്‍, അരവിന്ദ് കെജ്‌രിവാള്‍, ഹേമന്ത് സോറന്‍, മമത ബാനര്‍ജി, ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ മുഖ്യ പങ്കാളികളാണ്. പിളര്‍പ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ നാളെ സമ്മേളനത്തിനെത്തും.

സഖ്യത്തിന് പുതിയ പേര് നിര്‍ദേശിക്കാനും കക്ഷികള്‍ക്ക് നിര്‍ദേശമുണ്ട്. 'ഇന്ത്യ' എന്ന വാക്ക് അതില്‍ ഉണ്ടാകണം. 'ഒറ്റക്കെട്ടായി നില്‍ക്കുന്നത്' എന്ന അര്‍ത്ഥവും വരണം. പൊതു മിനിമം പരിപാടി ഉള്‍ക്കൊള്ളുന്നതായിരിക്കണം പുതിയ സഖ്യം. സംസ്ഥാന വിഷയങ്ങള്‍ വേറെ പരിഗണിക്കും.

അതിനിടെ, പ്രതിപക്ഷ കൂട്ടായ്മയെ പരിഹസിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. അഴിമതിക്കാരുടെ കൂട്ടായ്മ ആണെന്നും ഓരോരുത്തരുടെയും അഴിമതികള്‍ പുറത്തുവരുമ്പോള്‍ പരസ്പരം മൂടിവയ്ക്കാനാണ് ഈ കൂട്ടായ്മയെന്നുമാണ് മോദിയുടെ പരിഹാസം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ വീര്‍ സവര്‍ക്കര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.

ഇവരുടെ കൂട്ടത്തില്‍ ആരെങ്കിലും കോടികളുടെ അഴിമതി നടത്തി ജാമ്യത്തിലിറങ്ങിയാല്‍ അയാള്‍ക്ക് വലിയ ആദരവ് കിട്ടും. കുടുംബം മുഴുവന്‍ ജാമ്യത്തിലിറങ്ങിയാല്‍ അവര്‍ കൂടുതല്‍ ആദരിക്കപ്പെടും. ആരെങ്കിലും ഒരു സമുദായത്തെ അപമാനിച്ചതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടാല്‍ അദ്ദേഹവും ആദരിക്കപ്പെടും. ഇത്തരം കള്ളന്മാരുടെ കൂട്ടായ്മയില്‍ ജനം ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു.

പ്രതിപക്ഷ കൂട്ടായ്മയെ നേരിടുന്നതിന് എന്‍ഡിഎ സഖ്യ കക്ഷികളുടെ സമ്മേളനം ഇന്ന് വൈകിട്ട് ചേരും.

Post a Comment

أحدث أقدم
Join Our Whats App Group