മലപ്പുറം: ഇസ്രായേലിൽ വീണ്ടും മലയാളികൾ മുങ്ങിയെന്ന് സംശയം. ചൊവ്വാഴ്ച തീർഥാടനത്തിന് പുറപ്പെട്ട സംഘത്തിലെ ഏഴുപേരെ കാണാതായതോടെയാണ് ഇവർ മുങ്ങിയതാണെന്ന സംശയമുണർന്നത്. നേരത്തെ ആധുനിക കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ അയച്ച സംഘത്തിൽ നിന്ന് കണ്ണൂർ സ്വദേശിയായിരുന്ന ബിജു കുര്യൻ മുങ്ങിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് തീർഥാടക സംഘത്തിലെ രണ്ട് സ്ത്രീകളുൾപ്പെടെ ഏഴുപേരെ ഇസ്രായേലിൽ കാണാതായത്. തിരുവനന്തപുരം ജില്ലയിലെ നാല് പേരെയും കൊല്ലം ജില്ലയിലെ മൂന്ന് പേരെയുമാണ് പെട്ടെന്ന് കാണാതായത്.
ചരിത്ര പ്രസിദ്ധമായ അൽ അഖ്സ പള്ളി സന്ദർശനത്തിനിടെ ശുചിമുറിയിൽ പോകുകയാണെന്ന് പറഞ്ഞ് പോയവരെയാണ് പിന്നീട് കാണാതായത്. അതുകൊണ്ട് തന്നെ ഇവർ ആസൂത്രണം ചെയ്ത് മുങ്ങിയതാണെന്നാണ് ട്രാവൽ ഏജൻസിയായ ഗ്രീന്‍ ഒയാസിസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍ സര്‍വീസസ് അധികൃതർ പറയുന്നത്. ഇവരുടെ നടപടി മൂലം സംഘത്തിലെ മറ്റുള്ളവരും പ്രയാസമനുഭവിക്കുകയാണ്. മുങ്ങിയവർ തിരിച്ചുവരുന്നതു വരെ 31 പേരെ ഇസ്രായേൽ പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ടൂർ ഏജൻസി പറയുന്നു. 12 സ്ത്രീകളും കുട്ടികളുമടക്കം 31 പേരെയാണ് തടഞ്ഞുവെച്ചത്. ഇവരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായും താമസം, ഭക്ഷണം, മറ്റു സേവനങ്ങള്‍ എന്നിവ നിര്‍ത്തിവെച്ചിരിക്കുന്നതായും ട്രാവല്‍ ഏജന്‍സിക്കാര്‍ പറയുന്നു. കാണാതായവരെ കണ്ടെത്തിക്കൊടുത്തില്ലെങ്കില്‍ ഒരാള്‍ക്ക് 12 ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്ന് ഇസ്രായേല്‍ കമ്പനി ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യൻ മുങ്ങിയത്. കണ്ണൂർ പായം സ്വദേശിയായ ബിജു താമസിക്കുന്ന ഹോട്ടലിൽ നിന്നാണ് മുങ്ങിയത്. കഴിഞ്ഞ ഫെബ്രുവരി 16-ന് രാത്രി ഏഴ് മണിയോടെ ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ എന്ന നഗരത്തിൽ സംഘം അത്താഴത്തിന് നിർത്തിയ സമയം മുതലാണ് ബിജുവിനെ കാണാതായത്. ഏറെ ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം അദ്ദേഹം തിരിച്ചെത്തി.
ഇസ്രായേലിലെ ഉയർന്ന കൂലിയാണ് പലരെയും മോഹിപ്പിക്കുന്നത്. ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ബിജു കുര്യനെയുും ഉയർന്ന പ്രതിഫലമാണ് മോഹിപ്പിച്ചത്. എന്നാൽ, കൃത്യമായ രേഖകളില്ലാതെ പിടിക്കപ്പെട്ടാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും.
إرسال تعليق