Join News @ Iritty Whats App Group

കനത്ത മഴ; മലയോരമേഖലയില്‍ ജനജീവിതം താളംതെറ്റി


ഇരിട്ടി: കനത്ത മഴ മലയോര മേഖലയില്‍ ജനജീവിതം താളം തെറ്റിച്ചു. ഇരിട്ടി നഗരസഭയിലെ വള്ള്യാട് മണ്ണിടിച്ചലില്‍ രണ്ട് വീടുകള്‍ അപകടഭീഷണിയിലായി.

മാടത്തിയില്‍ വീട്ടിന് മുകളില്‍ തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. നീരൊഴുക്ക് കൂടിയതോടെ പഴശ്ശി ജല സംഭരണിയില്‍ നിന്നും വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചു.

മണ്ണിടിച്ചല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അയ്യൻകുന്ന്, കൊട്ടിയൂര്‍, കേളകം ഭാഗങ്ങളിലെ മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇരിട്ടി നഗരസഭയിലെ വള്ള്യാട് ചെറുവോട്ട് മണ്ണിടിച്ചലില്‍ സഹോദരങ്ങളുടെ വീടുകളാണ് അപകടഭീഷണിയിലായത്. പടിഞ്ഞാറെ വീട്ടില്‍ പി.വി. ശിവൻ, ലക്ഷ്മി എന്നീ വീടുകളാണ് ഭീഷണിയിലായത്. ശിവന്റെ വീടിന്റെ വരാന്തയോട് അടുത്ത് മണ്ണിടിഞ്ഞു നീങ്ങി.

വീടിന്റെ അടിത്തറ ഇളക്കം വിധം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സമീപത്തെ ലക്ഷ്മിയുടെ വീടിനോട് ചേര്‍ന്നും വിള്ളല്‍ വീണു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഇടിച്ചല്‍ ഉണ്ടായത്. രാത്രി ശക്തമായി ഇടിഞ്ഞതോടെ വീട്ടുകാര്‍ സമീപ വീടുകളിലേക്ക് താമസം മാറ്റി. ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി. പായം പഞ്ചായത്തിലെ മാടത്തി കാലിക്കണ്ടത്ത് ചോടോൻ പുതിയ വീട്ടില്‍ രജിലിന്റെ വീട്ടിന് മുകളിലാണ് തെങ്ങ് വീണത്.

വീടിന് ചെറിയ നാശം നേരിട്ടു. വാര്‍ഡ് അംഗം സാജിദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തെങ്ങ് മുറിച്ചുനീക്കി. ഇരിട്ടി താലൂക്ക് ആസ്പത്രി ഒ.പി ബ്ലോക്കിന്റെ വരാന്തയില്‍ വെള്ളം കയറി. രോഗികള്‍ക്കുള്ള വിശ്രമ കേന്ദ്രമാണ് വെള്ളത്തില്‍ മുങ്ങിയത്. ഇരിട്ടി- പേരാവൂര്‍റോഡില്‍ പയഞ്ചേരി മുക്കില്‍ റോഡില്‍ താഴ്ന്ന ഇടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.ഇരിട്ടിയില്‍ ബഹുനില കെട്ടിടത്തിന്റെ ചുറ്റുമതില്‍ മഴയില്‍ തകര്‍ന്നു.

Post a Comment

أحدث أقدم
Join Our Whats App Group