കൊച്ചി: അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത പ്രതി പിടിയിൽ. മലപ്പുറം കുന്നുകാവ് നോത്തിയിൽ കുന്നത്ത് വീട്ടിൽ ഹബീബ് അബൂബക്കർ (34) ആണ് അറസ്റ്റിലായത്. ഇൻഫോപാർക്ക് പൊലീസാണ് ഇയാളെ പിടികൂടിയത്. വയനാട് സ്വദേശിക്ക് അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് 2,58,500 രൂപ കൈപ്പറ്റിയ ശേഷം ജോലി ശരിയാക്കികൊടുക്കാതെ പണം തട്ടിയെടുത്ത കേസിലാണ് ഒന്നാം പ്രതിയായ ഇയാളെ പൊലീസ് പിടികൂടിയത്.
കാക്കനാട് ചിറ്റേത്തുകരയിൽ പ്രവർത്തിക്കുന്ന ജി പ്ലസ് എൻ്റർപ്രൈസസ് എന്ന സ്ഥാപനം മുഖേനയാണ് ഇയാൾ തട്ടിപ്പുനടത്തിയത് എന്ന് പൊലീസ് പറഞ്ഞു. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും കൂടുതൽ ആളുകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷണങ്ങൾ നടത്തി വരികയാണ്.
ഇൻസ്പെക്ടർ പി ആർ സന്തോഷിന്റെ നേതൃത്വത്തിൽ എസ് ഐ അലികുഞ്ഞ്, അസ്സിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജോർജ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ മുരളീധരൻ, സിവിൽ പൊലീസ് ഓഫീസർ സിജിറാം എന്നിവരടങ്ങിയ സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
إرسال تعليق