Join News @ Iritty Whats App Group

നീണ്ട ഇടവേളയ്ക്ക് ശേഷം ഗോ ഫസ്റ്റ് തിരിച്ചുവരുന്നു; നാളെ പ്രവർത്തനമാരംഭിച്ചേക്കും

ദില്ലി: രാജ്യത്തെ ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായ ഗോ ഫസ്റ്റ് നാളെ മുതൽ ചാർട്ടർ ഫ്ലൈറ്റുകൾ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ആഴ്ച ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചു. 

സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് നിരവധി ബാങ്കുകളിൽ നിന്ന് ഫണ്ടിംഗ് നേടിയിട്ടുണ്ട്, ബാങ്കുകൾ ഫണ്ട് അനുവദിച്ച് കഴിഞ്ഞാൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളിണ്ടായിരുന്നു. 

അതേസമയം, വീണ്ടും പരീക്ഷണ പറക്കൽ നടത്തിയതായി ഗോ ഫസ്റ്റ് അറിയിച്ചു. ദീർഘനാളത്തെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിന് ശേഷം ഗോ ഫസ്റ്റ് വീണ്ടും ആകാശത്തേക്ക് ഉയർന്നു. പരീക്ഷണ പാറക്കൽ വിജയകരമായിരുന്നുവെന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. 

11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.

ഇടക്കാല ധനസഹായത്തിന്റെ പിന്തുണയിലാണ് ഗോ ഫസ്റ്റ് പ്രവർത്തനമാരംഭിക്കുക. ജൂൺ 28-ന് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചിരുന്നു. തുടർന്ന്, ഡിജിസിഎ മുംബൈയിലെയും ദില്ലിയിലെയും കാരിയറിന്റെ സൗകര്യങ്ങളെക്കുറിച്ച് പ്രത്യേക ഓഡിറ്റ് നടത്തി. ശേഷം ഡിജിസിഎ നിർദേശങ്ങൾ പരിഗണിച്ച് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതിയിൽ ഭേദഗതി വരുത്തി.

വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ് സർവീസ് നിർത്തിയത്. 

മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ്, ഇന്ത്യൻ ആഭ്യന്തര വ്യോമമേഖലയിൽ ഒമ്പത് ശതമാനം വിപണി വിഹിതം കൈവശം വച്ചിട്ടുണ്ട്. 2023 ഏപ്രിലിൽ ശരാശരി 94.5 ശതമാനം പാസഞ്ചർ ലോഡ് കമ്പനിക്ക് ഉണ്ടായിരുന്നു എന്നാണ് കണക്കുകള്‍.

Post a Comment

أحدث أقدم
Join Our Whats App Group