Join News @ Iritty Whats App Group

പിതാവ് ഓടിച്ച സ്കൂട്ടര്‍ ടിപ്പറുമായി കൂട്ടിയിടിച്ച്‌ പിഞ്ചുബാലന്‍ മരിച്ചു


പാനൂര്‍ : പിതാവിന്റെ കൂടെ സ്കൂട്ടറില്‍ സഞ്ചരിച്ച ഏഴു വയസ്സുകാരൻ വാഹനാപകടത്തില്‍ മരിച്ചു. ഈസ്റ്റ് പാറാട് കൊളവല്ലൂര്‍ ഹൈസ്കൂളിന് സമീപത്തെ തച്ചോളില്‍ അൻവര്‍ അലിയുടെ മകൻ ഹാദി ഹംദാനാണ് മരിച്ചത്.

പിതാവ് ഓടിച്ച സ്കൂട്ടര്‍ ടിപ്പര്‍ ലോറിയുമായി ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഹാദി ഹംദാൻ റോഡില്‍ തെറിച്ചുവീണ് തലയിടിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. 

ജില്ലി കയറ്റിയ ടിപ്പര്‍ ലോറി പാറാട് പുത്തൂര്‍ ക്ലബിന് സമീപത്തുനിന്ന് പെട്ടെന്ന് കണ്ണങ്കോട് ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ പാറാട് ഭാഗത്തുനിന്നുവന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ടിപ്പറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഹാദി മരണപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. 

ഗുരുതരമായി പരിക്കേറ്റ പിതാവ് അൻവറിനെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഹാദി ഹംദാൻ പാറക്കടവ് ദാറുല്‍ ഹുദ സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

മാതാവ്: റാഹിമ (ചെക്യാട്). സഹോദരങ്ങള്‍:അംന ആതിയ (പാറക്കടവ് ദാറുല്‍ ഹുദാ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി), റുവ. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച തൃപ്പങ്ങോട്ടൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Post a Comment

أحدث أقدم
Join Our Whats App Group