കൊച്ചി: ആലുവയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്കാര കർമ്മം ചെയ്തത് ഓട്ടോ ഡ്രൈവർ. നേരത്തെ അനാഥരായവരുടെ മൃതദേഹം സംസ്കരിക്കാൻ പോയിട്ടുണ്ടായിരുന്നുവെന്നും ആ പരിചയം വച്ചാണ് ആലുവയിലെ കുട്ടിയുടെ സംസ്കാര കർമ്മങ്ങൾ ചെയ്തതെന്നും ഓട്ടോ ഡ്രൈവർ രേവത് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പല പൂജാരികളെ സമീപിച്ചെന്നും ആരും തയ്യാറായില്ലെന്നും അതുകൊണ്ടാണ് താൻ സംസ്കാര കർമ്മം ചെയ്തതെന്നും രേവത് ബാബു വ്യക്തമാക്കി. കുട്ടിയുടെ പിതാവിന്‍റെ ആവശ്യപ്രകാരമാണ് പല പൂജാരികളെയും സമീപിച്ചത്. എന്നാൽ ആരും പൂജ ചെയ്യാൻ തയാറായില്ല. ഹിന്ദിക്കാർക്ക് പൂജ ചെയ്യാൻ തയാറല്ലെന്നാണ് അവർ പറഞ്ഞതെന്നും രേവത് ബാബു വിശദീകരിച്ചു. ഒടുവിൽ കുഞ്ഞിന് താൻ തന്നെ കർമ്മം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ കുട്ടിയുടെ പൊതുദർശനത്തിനും സംസ്കാര ചടങ്ങുകൾക്കും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി രാജീവോ, ജില്ലാ കളക്ടറോ പോലും എത്താത്തതിൽ പ്രതിഷേധം വ്യക്തമാക്കി കോൺഗ്രസ് രംഗത്തെത്തി. സർക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. സർക്കാർ പ്രതിനിധി പോലും പങ്കെടുക്കാത്തത് പ്രതിഷേധാർഹമാണ്. മന്ത്രി പി രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ലെന്നും എറണാകുളത്ത് വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസ് തീരുമാനമെന്നും ഡി സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. നാളെ ബ്ലോക്ക് തലത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്കും നാളെ കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം വിവരിച്ചു. സർക്കാർ കേരളത്തിൽ മദ്യം ഒഴുകുകയാണെന്നും ലഹരിയിൽ നിന്നും മോചനം ഇല്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും മുഹമ്മദ് ഷിയാസ് അഭിപ്രായപ്പെട്ടു. ആലുവയിൽ കുട്ടിയെ കാണാതായത് മുതൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതുവരെയുള്ള സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത് വലിയവീഴ്ചയാണെന്നും ഡി സി സി പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
إرسال تعليق