തിരുവനന്തപുരം: പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിച്ച് വീടിന്റെ ഒരു ഭാഗം കത്തിനശിച്ചു. ഒറ്റശേഖരമംഗലം കുരവറ ബാലകൃഷ്ണന്റെ വീട്ടിലാണ് പാചകവാതകം ചോര്‍ന്ന് തീപ്പിടിത്തമുണ്ടായത്. ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറില്‍ നിന്ന് സ്റ്റൗവിലേക്ക് തീപടര്‍ന്നായിരുന്നു അപകടം.
വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള വര്‍ക്ക്ഏരിയയിലായിരുന്നു ഗ്യാസ് സിലിണ്ടര്‍ സൂക്ഷിച്ചിരുന്നത്. പുതിയ സിലിണ്ടര്‍ ഘടിപ്പിച്ച് സ്റ്റൗവ് കത്തിച്ചയുടന്‍ സിലിണ്ടറില്‍ നിന്ന് ചോര്‍ച്ചയുണ്ടായി റെഗുലേറ്റര്‍റിന്റെ ഭാഗത്തേക്ക് തീപടരുകയായിരുന്നു. വീട്ടുകാരുടെ ബഹളം കേട്ട് സമീപവാസികള്‍ ഓടി കൂടുകയും നെയ്യാര്‍ ഡാം അഗ്‌നിരക്ഷസേനയെ വിവരം അറിയിക്കുകയും ചെയ്തു. സേന എത്തുമ്പോഴുക്കും ആളുകള്‍ തീകെടുത്തിയിരുന്നെങ്കിലും പാചകവാതക ചോര്‍ച്ച ശക്തിയായി ഉണ്ടായിരുന്നു. സേന എത്തി സിലിണ്ടര്‍ പുറത്തേക്കെടുത്ത് ചോര്‍ച്ച അടച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിബാധയുണ്ടായ ഉടന്‍ കെ.എസ്.ഇ.ബിയെ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അടുക്കളയിലെ വയറിങ് കത്തിനശിച്ച നിലയിലാണ്. അടുക്കള സാമഗ്രികളും ശുചീകരണ ഉപകരണങ്ങളും മേല്‍ക്കൂരയുമടക്കം കത്തിനശിച്ചു. അമ്പതിനായിരത്തോളം രൂപയുടെ നാശനഷ്ട്മുണ്ടായതായി വീട്ടുകാര്‍ പറയുന്നു. പാചക വാതക ഏജന്‍സി കൂടുതല്‍ പരിശോധന നടത്തും.
إرسال تعليق