അടൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്ര പത്തനംതിട്ട ജില്ലാ അതിര്‍ത്തിയായ ഏനാത്ത് പാലം കടന്നത് 19 നു രാത്രി ഒന്‍പതിന്. 11 മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനം അടൂരിലെത്തുമ്പോള്‍ അവിടെ മനുഷ്യമഹാസമുദ്രമായിരുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍നിന്നുള്ളവരാണ് അടൂരിലെത്തിയവരില്‍ ഏറെയും. എന്നാല്‍ അവരെയൊക്കെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാലക്കാടും വടകരയിലും ഒഞ്ചിയത്തുമൊക്കെയുള്ളവര്‍ അവിടെയെത്തി. പാലക്കാട്ടുനിന്ന് രണ്ടു ബസുകളിലാണ് ആളുകളെത്തിയത്.
ഏനാത്തുനിന്ന് അടൂരിലെത്താന്‍ രണ്ടു മണിക്കൂറിലധികം വേണ്ടിവന്നു. ഈ സമയം ബസിന് ഇരുവശവും വന്‍ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. ഭൗതികശരീരം വഹിച്ചുവന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇന്ധനം നിറയ്‌ക്കാന്‍ ഏനാത്ത് മുതലുള്ള പെട്രോള്‍പമ്പുകളില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം കാരണം സാധിച്ചില്ല. അരമനപ്പടിയിലുള്ള പാലാഴി പമ്പില്‍നിന്നാണ് ഒടുവില്‍ ഇന്ധനം നിറച്ചത്. ഈ സമയം ഇവിടെ നിന്നവര്‍ക്കു ബസിനുള്ളില്‍ കയറി ഉമ്മന്‍ചാണ്ടിയെ കാണാന്‍ കഴിഞ്ഞു.
റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ ജനസഞ്ചയത്തെ സാക്ഷിയാക്കി വളരെ സാവധാനമാണ് ബസിനു കടന്നുപോകാനായത്. രാത്രി 11 ന് അടൂര്‍ കെ.എസ്.ആര്‍.ടി.സി. ജങ്‌ഷനിലെ പാലത്തിനടുത്ത് എത്തിയതോടെ ജനസാഗരം ഇരമ്പിയാര്‍ത്തു. അതോടെ ഇന്നേവരെ കാണാത്ത ജനസഞ്ചയത്തിന് അടൂര്‍ സാക്ഷ്യം വഹിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ചികിത്സാ ധനസഹായം നല്‍കിയവരുള്‍പ്പെടെ പതിനായിരങ്ങളാണ് ഇവിടെ കാത്തുനിന്നത്. കണ്ണീരോടെ എത്തിയ പലര്‍ക്കും തിക്കും തിരക്കും കാരണം തുടക്കത്തില്‍ വാഹനത്തിനടുത്തെത്താനായില്ല. തുടര്‍ന്ന് എല്ലാവര്‍ക്കും കാണാന്‍ അവസരമൊരുക്കുമെന്നു തീരുമാനമായതോടെ രണ്ടര മണിക്കൂര്‍ ഇവിടെ വാഹനം നിര്‍ത്തിയിട്ടു. ശേഷം മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയപ്പോഴും ജനത്തിരക്കുമൂലം വാഹനം ചലിപ്പിക്കാന്‍ ഏറെ പ്രയാസമായിരുന്നു. അടൂര്‍ ഫയര്‍സ്‌റ്റേഷന്റെ മുന്നില്‍ ഉദ്യോഗസ്‌ഥര്‍ ഫയര്‍ എന്‍ജിനിലെ ബീക്കണ്‍ ലൈറ്റ് ഓണാക്കി, റോഡിന്റെ വശങ്ങളില്‍ നിരന്നുനിന്ന് ആദരവ് പ്രകടിപ്പിച്ചു.
മുന്നോട്ടു നീങ്ങിയ വിലാപയാത്ര പന്തളത്തെത്തിയപ്പോള്‍ പുലര്‍ച്ചെ രണ്ടു മണി. ഇവിടെ സജ്‌ജമാക്കിയ വേദിയില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആദരാഞ്‌ജലി അര്‍പ്പിച്ച് പ്രസംഗിച്ചു. അടൂരിലേപ്പോലെ ഇവിടെയും ജനസഹസ്രങ്ങള്‍ ഉണ്ടായിരുന്നു. മണിക്കൂറുകളോളം ഇവിടെയും ജനങ്ങള്‍ അനുശോചനമര്‍പ്പിച്ചു. തുടര്‍ന്നുള്ള വിലാപയാത്ര കാരയ്‌ക്കാടു വച്ച് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചു.
ചെങ്ങന്നൂരിലെ ജനസഞ്ചയം ആദരാഞ്‌ജലിയര്‍പ്പിച്ചശേഷം വാഹനം കുറ്റൂരില്‍ വച്ച് വീണ്ടും പത്തനംതിട്ട ജില്ലയിലേക്കു കടന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വിലാപയാത്ര തിരുവല്ലയിലെത്തിയത്.
إرسال تعليق