കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി ആശുപത്രി വിട്ടു. പിതാവിനെ സന്ദർശിക്കാനായി പ്രത്യേക അനുമതി കോടതിയിൽ നിന്ന് വാങ്ങി കേരളത്തിലെത്തിയ അദ്ദേഹം പിതാവിനെ കാണാതെയാണ് മടങ്ങുന്നത്. ജൂൺ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാൽ അൻവാർശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. കൊച്ചിയിൽ നിന്ന് രാത്രി 9.30നുള്ള വിമാനത്തിൽ അബ്ദുൾ നാസർ മഅദനി ബെംഗളൂരുവിലേയ്ക്ക് തിരിക്കും.
ഇന്ന് രാവിലെ ഇന്ത്യൻ നാഷണൽ ലീഗ് നേതാവും സംസ്ഥാന മന്ത്രിയുമായ അഹമദ് ദേവർ കോവിൽ കൊച്ചിയിലെ ആശുപത്രിയിലെത്തി അബ്ദുൾ നാസർ മഅദനിയെ സന്ദർശിച്ചിരുന്നു. മഅദനിക്ക് സർക്കാരിൽ നിന്ന് കാര്യമായ സഹായം കിട്ടുന്നില്ലെന്ന് പിഡിപി നേതൃത്വം ആരോപിച്ചിരുന്നു. മദനിയുടെ ആരോഗ്യ നില മോശമാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് കിട്ടുന്നില്ലെന്നും സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ആരോഗ്യ സ്ഥിതിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ജൂൺ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിക്ക് കടുത്ത ചര്‍ദ്ദിയും ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും മൂലം അവശത നേരിട്ടിരുന്നു. ആലുവയിൽ നിന്ന് അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടനായിരുന്നു ഇത്. തുടർന്ന് കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനാൽ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയതോടെയാണ് ഇദ്ദേഹത്തിന് കുടുംബ വീടായ അൻവാര്‍ശേരിയിലേക്ക് പോകാൻ സാധിക്കാതിരുന്നത്. മഅദനിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ വിശ്രമം വേണെമെന്നും യാത്ര തുടരാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു.
إرسال تعليق