Join News @ Iritty Whats App Group

കെ സ്മാർട്ട്‌ സംവിധാനം; നവംബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്


തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന കെ - സ്മാർട്ട്‌ സംവിധാനം നവംബർ ഒന്ന് മുതൽ നടപ്പാക്കുമെന്ന് തദ്ദേശ സ്വയഭരണം എക്‌സൈസ് മന്ത്രി എം ബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വീട്ടിലിരുന്നോ ലോകത്തിന്റെ ഏത് ഭാഗത്തിൽ നിന്നോ പഞ്ചായത്ത് തല സേവനങ്ങൾ ഓൺലൈനായി ലഭിക്കുന്നതിലൂടെ പഞ്ചായത്തിൽ നേരിട്ടെത്തുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ സഹായകമാകും. തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്ത് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. അടുത്തഘട്ടമായി വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും ശേഖരിക്കാനുള്ള 'സിറ്റിസൺ ഫീഡ്ബാക്ക്' എന്ന സംവിധാനവും നടപ്പാക്കാനുള്ള ആലോചനയിലാണ്.  സിറ്റിസൺ ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റേറ്റിംഗ് നടത്തി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. 

തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയിൽ പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനായി. 'ഒപ്പമുണ്ട് ഉറപ്പാണ്' എന്ന ടാഗ് ലൈന്‍ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ ജലജകുമാരി മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തുകൾ നിലവിൽ നൽകുന്ന സേവനങ്ങൾക്ക് പുറമേ മറ്റ് വകുപ്പുകൾ / ഏജൻസികളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ,  കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ സംബന്ധിച്ച് അറിയുന്നതിനും അവ നേടിയെടുക്കുന്നതിനെ കുറിച്ച് പൊതുജനങ്ങൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങളും സഹായവും നൽകുന്നതിനുമാണ് ഓരോ ഗ്രാമപഞ്ചായത്തിലും ഫ്രണ്ട് ഓഫീസിനോട് ചേർന്ന് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കുന്നത്. കിലയിൽ  നിന്നും പ്രായോഗിക പരിശീലനം ലഭിച്ച ടെക്നിക്കൽ അസിസ്റ്റന്റ്മാരെയാണ് മുഖ്യ ചുമതലക്കാരായി നിയോഗിച്ചിട്ടുള്ളത്. ഇവരുടെ അഭാവത്തിൽ പ്രൊജക്ട് അസിസ്റ്റന്റ്മാരെയോ കുടുംബശ്രീ പ്രവർത്തകരെയോ നിയോഗിക്കും. സംസ്ഥാനത്തെ എല്ലാ (941) ഗ്രാമപഞ്ചായത്തുകളിലും സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. 177 പഞ്ചായത്തുകളിൽ കുടുംബശ്രീ ഹെല്പ് ഡസ്ക്കും നിലവിലുണ്ട്.

പരിപാടിയോടനുബന്ധിച്ച് മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി പഞ്ചായത്തിൽ അഞ്ചിടങ്ങളിൽ സ്ഥാപിച്ച ക്യാമറകളുടെ സ്വിച്ച് ഓൺ കർമവും മന്ത്രി നിർവഹിച്ചു. കോട്ടേക്കുന്ന്, കണിയാതോട് (നിപ്പോൺ - ടൊയോട്ട റോഡ്), വാലുമുക്ക്, ചെറുപുഷ്പം സ്കൂളിന് സമീപം, കുരീപ്പള്ളി, സെന്റ് ജൂഡ് ഹൈസ്കൂളിന് സമീപം എന്നിവിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, തൃക്കോവിൽവട്ടം വൈസ് പ്രസിഡന്റ് ആർ സതീഷ് കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് (അർബൻ) ഡയറക്ടർ അലക്സ് വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ കെ ആർ സുമേഷ്, ജില്ലാ ജോയിന്റ് ഡയറക്ടർ ഡി സാജു, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group