Join News @ Iritty Whats App Group

അരിക്കൊമ്പനുമേൽ കേരളത്തിനും തമിഴ്നാടിനും തുല്യ അവകാശം; അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രം: തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദൻ


ചെന്നൈ: അരിക്കൊമ്പനെ പിടിച്ചുനിര്‍ത്തണമെന്ന വാശിയില്ലെന്ന് തമിഴ്നാട് വനംമന്ത്രി എം.മതിവേന്ദൻ. അതിര്‍ത്തികൾ മനുഷ്യര്‍ക്ക് മാത്രമാണുള്ളത്. മൃഗങ്ങൾക്കില്ല. കേരളത്തിനും തമിഴ്നാടിനും അരിക്കൊമ്പനുമേൽ ഒരേ അവകാശമാണുള്ളത്. ജനവാസമേഖലയിൽ സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ കൂട്ടിലടയ്ക്കൂവെന്ന് തമിഴ്നാട് വനംമന്ത്രി പറഞ്ഞു.

ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുന്നുവെന്ന പ്രചാരണം ശരിയല്ല. അരിക്കൊമ്പൻ കാട്ടിൽ മൈലുകൾ ദിനവും സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദൻ പറഞ്ഞു. ആനയുടെ മുറിവുകളെല്ലാം ഭേദമായി. അരിക്കൊമ്പൻ പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ല. മൂന്ന് തവണ ആലോചിച്ചിട്ടേ മയക്കുവെടിക്ക് മുതിര്‍ന്നിട്ടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹർജിയില്‍ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രം​ഗത്തെത്തിയിരുന്നു. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപ പഴിയീടാക്കണെമന്ന് ചീഫ് ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ് കോടതിയിൽ പറഞ്ഞിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പിൽ പിഴ രേഖപെടുത്തിയിട്ടില്ലായിരുന്നു.

അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. ആനത്താരയുമായി ബന്ധപ്പെട്ട മറ്റ് ഹർജികളിൽ കക്ഷി ചേരാനായിരുന്നു നിർദ്ദേശം. അരിക്കൊമ്പനെ തമിഴ്നാട്ടിലേക്ക് മാറ്റിയതിനെതിരെയും പശ്ചിമഘട്ടത്തിലെ വന്യമൃഗ മനുഷ്യ സംഘർഷം അവസാനിപ്പിക്കാനും ഇടപെടൽ തേടിയാണ് ഹർജി നൽകിയത്‌. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരായിരുന്നു ഹർജിക്കാർ.

Post a Comment

أحدث أقدم
Join Our Whats App Group