Join News @ Iritty Whats App Group

'ബസിൽ ആദ്യം സ്ത്രീകൾ കയറുന്നത് അപശകുനം'; ഒഡീഷയിൽ സ്ത്രീകളെ ആദ്യ യാത്രക്കാരായി ബസിൽ കയറ്റാത്ത നടപടിയിൽ താക്കീതുമായി വനിതാ കമ്മീഷൻ


ഒഡീഷയിൽ സ്ത്രീകളെ ആദ്യ യാത്രക്കാരായി ബസിൽ കയറ്റാത്ത നടപടിയിൽ താക്കീതുമായി വനിതാ കമ്മീഷൻ. ബസ് ജീവനക്കാരുടെ ഈ പ്രവൃത്തി തികച്ചും മനുഷ്യത്വ രഹിതമാണെന്നും അതിനാൽ ശക്തമായ ശിക്ഷാ നടപടികൾ ആവശ്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ഒരു സ്ത്രീ ആദ്യ യാത്രക്കാരിയായി ബസിൽ കയറിയാൽ യാത്രക്കിടെ അപകടമുണ്ടാകുമെന്നും അപശകുനമാണെന്നുമാണ് ബസ് ജീവനക്കാർ വിശ്വസിക്കുന്നത്. ഇത്തരത്തിലുള്ള അന്ധവിശ്വാസം അടിസ്ഥാനരഹിതവും യുക്തി രഹിതവും ആണെന്ന് വനിതാ കമ്മീഷൻ വ്യക്തമാക്കി.

എന്നാൽ ഇനി മുതൽ ആദ്യം വനിതാ യാത്രക്കാരാണ് എത്തുന്നതെങ്കിൽ അവരെ ആദ്യം കയറ്റണം എന്ന് ഒഎസ്‌സിഡബ്ല്യു ചെയർപേഴ്‌സൺ മിനാറ്റി ബെഹ്‌റ ബസുടമകൾക്ക് നിർദ്ദേശം നൽകി. ഒഡീഷയിലെ മൽക്കൻഗിരി ജില്ലയിൽ നിന്നുള്ള ഒരു വനിതാ യാത്രക്കാരിയെ ആണ് ബാരാമുണ്ട ബസ് സ്റ്റാൻഡിൽ ജീവനക്കാർ തടഞ്ഞത്. തുടർന്ന് നൽകിയ പരാതിയിലാണ് വനിതാ കമ്മീഷൻ ഇടപെട്ടത്. ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ബസിൽ കയറാൻ ശ്രമിച്ച യാത്രക്കാരിയെ തടഞ്ഞുവെന്നാണ് പരാതിയിൽ പറയുന്നത്.

ഒരു സ്ത്രീ ബസിൽ ആദ്യം കയറുന്നത് അശുഭ ലക്ഷണമാണെന്നായിരുന്നു ഇവരുടെ വാദം. ഡ്രൈവറുടെയും കണ്ടക്ടറുടെയും പെരുമാറ്റത്തിൽ യുവതി പ്രതിഷേധിക്കുകയും തുടർന്ന് ഇക്കാര്യം ബസുടമയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വിഷയത്തിൽ നിസ്സഹായനാണെന്നും ഒന്നും ചെയ്യാൻ കഴിയില്ല എന്നുമായിരുന്നു ബസ് ഉടമയുടെ പ്രതികരണം. അതേസമയം വ്യാഴാഴ്ച ഈ സംഭവം വനിതാ കമ്മീഷൻ സംസ്ഥാന ഗതാഗത വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും വനിതാ യാത്രക്കാരെ ഇത്തരം മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന് വിധേയമാക്കുന്ന ബസ് ജീവനക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതോടൊപ്പം ബസുകളിൽ സ്ത്രീകൾക്ക് 50 ശതമാനം സീറ്റ് സംവരണം ഉറപ്പാക്കണം എന്നും ഗതാഗത വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ കമ്മീഷന്റെ ഈ നടപടിയെ ചരിത്രപരമായ നീക്കങ്ങളിൽ ഒന്ന് എന്ന് വനിതാ സാമൂഹിക പ്രവർത്തകർ പ്രതികരിച്ചു. “അന്ധവിശ്വാസങ്ങളും പിടിവാശികളുമുള്ള ഇത്തരം ബസ് ജീവനക്കാരെ ശിക്ഷിക്കാനുള്ള ചരിത്രപരമായ നീക്കത്തിന് ഒഎസ്‌ഡബ്ല്യുസിക്ക് ഞാൻ നന്ദി പറയുന്നു. സത്യസന്ധമല്ലാതെ പ്രവർത്തിക്കുന്ന മറ്റ് വാഹന ഉടമകൾക്കെതിരെ സമാനമായ നടപടികളെടുക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ വനിതാ കമ്മീഷനുകൾക്കും ഇത് തീർച്ചയായും പ്രചോദനമായി മാറും ” സാമൂഹിക പ്രവർത്തകയും ഭുവനേശ്വറിലെ ഹൈടെക് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മൽക്കീൻ മെഹറ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group