ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൂന്ന് മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് കോടതിയെ മദനി അറിയിച്ചിട്ടുണ്ട്. ക്രിയാറ്റിൻ വർദ്ധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നാണ് ആവശ്യം. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും മഅദനി സുപ്രീംകോടതിയിൽ ആവശ്യപ്പെടും.
മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. ഈ തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മഅദനി വന്നത്. എന്നാൽ കൊച്ചിയിൽ വിമാനമിറങ്ങി റോഡ് മാർഗം കൊല്ലം അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടൻ മഅദനിക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങുകയായിരുന്നു.
യാത്രമുടക്കാൻ കർണാടക സർക്കാർ വിചിത്രമായ നടപടികളാണ് സ്വീകരിച്ചതെന്ന് മഅദനിയ്ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കർണാടകയിൽ ഭരണമാറ്റം ഉണ്ടായതിനാൽ പുതിയ അഭിഭാഷകനാണ് സുപ്രീം കോടതിയിൽ കേസിൽ ഹാജരായത്. സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാനായി സമയം ചോദിച്ചതിനെ തുടർന്നാണ് ഹർജി ഇന്നത്തേക്ക് മാറ്റിയത്. മഅദനിയ്ക്കായി അഭിഭാഷകൻ ഹാരീസ് ബിരാനും കോടതിയിൽ ഹാജരായി.
إرسال تعليق